ലഖ്നൗ: സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കിഴക്കന്‍ യു.പിയിലെ ഡിയോറിയയിലാണ് സംഭവം. തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാരും പ്രഖ്യാപിച്ച കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്.
ഡിയോറിയയിലെ രുദ്രപൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സമാജ്വാദി സ്ഥാനാര്‍ത്ഥി പ്രദീപ് യാദവിന്റെ പ്രചാരണ പരിപാടി ജില്ലാ മേധാവി ശ്രീപതി മിശ്ര തടഞ്ഞു. നൂറുകണക്കിന് പേരാണ് പരിപാടി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് തടഞ്ഞത്.
തനിക്ക് ആളുകളെ തടയാന്‍ കഴിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും യാദവ് പറഞ്ഞു. ജനാധിപത്യത്തില്‍ എല്ലാവര്ക്കും രാഷ്ട്രീയ പ്രക്രിയയില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടെന്നും, നിങ്ങള്‍ക്ക് ഇത് തടയാന്‍ കഴിയില്ലെന്നും പ്രതികരിച്ച നേതാവിനെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന് നിര്‍ദേശിക്കുന്നത് വ്യക്തമാണ്. ഇതിന് മറുപടിയായി സര്‍ക്കാരുകള്‍ മാറി വരുമെന്ന് ഓര്‍ക്കണമെന്നായിരുന്നു പ്രദീപ് യാദവിന്റെ പ്രതികരണം.
പിന്നീട് പൊലീസ് മേധാവി യാദവിനോട് കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടെയുണ്ടായ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ത്ത് വിളിക്കാന്‍ തുടങ്ങി. ഇവര്‍ ആരും തന്നെ മാസ്ക് ധരിച്ചിട്ടില്ലെന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പ്രദീപ് യാദവിനെയും മറ്റ് 400 പേരെയും ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ടെന്ന് ഡിയോറ പൊലീസ് അറിയിച്ചു.
Discussion about this post