മലപ്പുറം: കുറ്റിപ്പുറത്ത് ലഹരിനിർമാണ ഫാക്ടറി കണ്ടെത്തി. കുറ്റിപ്പുറം എടച്ചലം കുന്നുംപുറത്താണ് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തിയത്. ലഹരി വസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
ഫാക്ടറിയിൽ ഉണ്ടായിരുന്ന ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു. പട്ടാമ്പി കുന്നത്ത് തൊടിയിൽ മുഹമ്മദാണ് കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. ഇയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി ലഹരി വസ്തുക്കൾ ഉണ്ടാക്കിയിരുന്ന ഫാക്ടറിയാണ് ഇതെന്നാണ് വിവരം. സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ ഇവിടെ നിന്നും ചിലർ ഓടി രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇവർക്കായും അന്വേഷണം തുടരുകയാണെന്നാണ് വിവരം.












