ബംഗലൂരു: ഹിജാബ് വിവാദത്തെ തുടർന്ന് അടച്ചിട്ടിരുന്ന കർണാടകയിലെ സ്കൂളുകൾ ഇന്ന് തുറന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്കൂളുകൾ അടച്ചത്. സംഘർഷം നിലനിൽക്കുന്ന ഉഡുപ്പി, ദക്ഷിണ കന്നഡ, ബംഗലൂരു എന്നിവിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്.
സംസ്ഥാനത്ത് സമാധാനവും ശാന്തിയും പുന:സ്ഥാപിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം പ്രീ യൂണിവേഴ്സിറ്റി/ ഡിഗ്രി ക്ലാസ്സുകൾ തുറക്കുന്ന കാര്യം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഫെബ്രുവരി 16 വരെ കോളേജുകൾ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കേസ് വിശദമായി പരിഗണിച്ച കർണാടക ഹൈക്കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികൾ യാതൊരുവിധ മതചിഹ്നങ്ങളും ധരിച്ച് ക്ലാസിൽ വരാൻ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിദ്യഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.








