മുംബൈ : ഇന്ത്യയെ വിശ്വഗുരുവായി ലോകത്തിന് മുന്നില്‍ നിര്‍ത്താന്‍ ഓരോ വ്യക്തികളും പ്രയത്നിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഡല്‍ഹിയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കണം, രാജ്യത്തെ ‘വിശ്വഗുരു’ ആക്കണം. ഇന്ത്യയുടെ പ്രശസ്തി വര്‍ധിപ്പിക്കണമെന്നുണ്ടെങ്കില്‍ പുരാതന കാലം മുതല്‍ ഇന്നു വരെയുള്ള പൈതൃകം വീണ്ടെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങളില്‍ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ ഉണ്ട്. സരസ്വതി ഉണ്ടായിരുന്നുവെന്നും, അത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നുമാണ് അവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ തലമുറ ഇതിനെല്ലാം തെളിവുകള്‍ ആവശ്യപ്പെടുകയാണ്. കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം വിശ്വാസപരമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല.’; പൗരാണിക നദിയായ സരസ്വതി നദിയുടെ അസ്ഥിത്വത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘പണ്ഡിതന്മാര് തെളിയിച്ചാല്‍ ആളുകള്‍ അത് വിശ്വസിക്കും. തെളിവുകള്‍ സഹിതം ഇന്നത്തെ തലമുറയിലുള്ള കുട്ടികളുടെ പാഠപുസ്തകങ്ങളില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം. മുന്‍പ് രാമസേതുവിനെ കുറിച്ച് ആളുകള്‍ വിശ്വസിച്ചിരുന്നില്ല. വെറും പറച്ചിലാണെന്ന് അവര്‍ കരുതി. പക്ഷേ പിന്നീട് അതിന്റെ തെളിവുകള്‍ പുറത്ത് വന്നപ്പോഴാണ് പലരും വിശ്വസിക്കാന്‍ തയ്യാറായതെന്നും’ അദ്ദേഹം പറഞ്ഞു.
Discussion about this post