ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. 52 വയസ്സായിരുന്നു. തായ്ലൻഡിലെ ഹോട്ടൽ മുറിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം.
ഓസ്‌ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്‌ന്‍ വോണ്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
കളിക്കളത്തിലെ ജീനിയസ്സായിരുന്നു ഷെയ്ൻ കീത്ത് വോൺ എന്ന ഷെയ്ൻ വോൺ. കൈകളിൽ ക്രിക്കറ്റ് ബാൾ ഏന്തിയ കലാകാരൻ. വീര്യം ചോരാത്ത പോരാളി.
ആഷസിലെ തന്റെ ആദ്യ പന്ത് മുതലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഷെയ്ൻ വോൺ എന്ന സൂപ്പർ താരം അടയാളപ്പെടുത്തപ്പെടുന്നത്. ക്രിക്കറ്റിൽ അന്നോളം കണ്ടിട്ടില്ലാത്ത ഒരു അതുല്യമായ പന്തിലൂടെ വെറ്ററൻ ഇംഗ്ലീഷ് ബാറ്റ്സ്മാൻ മൈക്ക് ഗാറ്റിംഗിനെ ക്ലീൻ ബൗൾ ചെയ്ത് കൊണ്ടായിരുന്നു വോണിന്റെ ആഷസിലെ തുടക്കം. 1993 ജൂൺ മാസം നാലാം തീയതി മാഞ്ചെസ്റ്ററിലെ ഓൾഡ് ട്രഫോർഡിൽ നടന്ന ഒന്നാം ആഷസ് ടെസ്റ്റിലെ ആ പന്ത് ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത ശേഷം അത്ഭുതകരമായി കുത്തി തിരിഞ്ഞ് ഗാറ്റിംഗിന്റെ ബാറ്റിനെയും കടന്ന് ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. നൂറ്റാണ്ടിന്റെ പന്ത് എന്ന പേരിൽ അത് ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി.
8 വിക്കറ്റുകളുമായി വോൺ ആ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് ആയി. ആ ആഷസ് പരമ്പരയിൽ ആകെ 34 വിക്കറ്റുകളുമായി ക്രിക്കറ്റ് ലോകത്തിലെ അനശ്വര താര സിംഹാസനത്തിലേക്ക് വോൺ നടന്നു കയറി.
അക്കാലത്ത് ലോക ക്രിക്കറ്റിലെ അനിഷേധ്യ ശക്തികളായിരുന്ന വെസ്റ്റ് ഇൻഡീസിന്റെ പ്രഭാവം അവസാനിപ്പിച്ച് ഓസ്ട്രേലിയയെ ക്രിക്കറ്റ് ലോകത്തിന്റെ അമരത്തേക്ക് ആനയിച്ച് സൂപ്പർ താര സംഘത്തിലെ കരുത്തനായ കണ്ണിയായിരുന്നു ഷെയ്ൻ വോൺ. 1999 ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും വോൺ നേടിയ നാല് വീതം വിക്കറ്റുകൾ ഓസ്ട്രേലിയക്ക് നിർണായകമായി. വിൻഡീസിന് ശേഷം രണ്ട് തവണ ലോക ചാമ്പ്യന്മാരാകുന്ന ആദ്യ ടീമായി ഓസ്ട്രേലിയ.
കളിക്കളത്തിന് പുറത്ത് പലപ്പോഴും വിവാദങ്ങളുടെ തോഴനായിരുന്നു ഷെയ്ൻ വോൺ. വാതുവെപ്പ് സംഘാംഗത്തിന് പിച്ച് വിവരങ്ങൾ ചോർത്തി നൽകി എന്ന ഗുരുതരമായ ആരോപണം ഒരു കാലത്ത് വോൺ നേരിട്ടു. നിരോധിത വസ്തു ഉപയോഗിച്ചതിന്റെ പേരിൽ 2003 ലോകകപ്പിൽ നിന്നും മാറ്റി നിർത്തപ്പെട്ടു.
സമകാലികരായ സ്റ്റീവ് വോ, ആദം ഗിൽക്രിസ്റ്റ് എന്നിവരുമായി അത്ര രസത്തിലല്ലായിരുന്ന വോൺ അർഹിച്ച ഓസ്ട്രേലിയൻ ക്യാപ്ടൻ പദവിയിൽ നിന്നും തഴയപ്പെട്ടു.
തന്റെ കാലഘട്ടത്തിൽ പന്തുകൊണ്ട് വിസ്മയം കാട്ടിയ ജാലവിദ്യക്കാരനായിരുന്നു വോൺ. ആക്രമണകാരികളായ ഫാസ്റ്റ് ബൗളർമാർ നിറഞ്ഞു നിന്ന ഓസ്ട്രേലിയൻ ടീമിൽ പലപ്പോഴും വ്യക്തിഗത പ്രകടനങ്ങളുമായി വോൺ മാച്ച് വിന്നറായി. ക്രെയ്ഗ് മക്ഡർമോട്ട്, മെർവ് ഹ്യൂസ്, ഗ്ലെൻ മക്ഗ്രാത്ത്, ബ്രെറ്റ് ലീ, ജാസൺ ഗില്ലസ്പി എന്നീ തീപ്പൊരി പേസർമാർക്കിടയിലും തന്റേതായ ഇടം എപ്പോഴും വോൺ നിലനിർത്തി. കളത്തിലെ വോൺ- സച്ചിൻ പോരാട്ടങ്ങളും വോൺ- ലാറ പോരാട്ടങ്ങളും ആരാധകരെ ത്രസിപ്പിച്ചു.
2008ൽ ഐപിഎൽ ഒന്നാം സീസണിൽ ആരവങ്ങളോ സൂപ്പർ താരങ്ങളോ ഇല്ലാതെ വന്ന് കറുത്ത കുതിരകളായി കപ്പുയർത്തിയ രാജസ്ഥാൻ റോയൽസിന്റെ അമരത്ത് വോണായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്തെ ഞെട്ടിച്ചു കൊണ്ട് ആകസ്മികമായി വിടവാങ്ങിയ ഷെയ്ൻ വോൺ തന്റെ പേരും പെരുമയും പ്രതിഭയും കൊണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത പാഠപുസ്തകമായി എക്കാലവും നിലനിൽക്കും.
Discussion about this post