മുംബൈ: മഹാരാഷ്ട്ര ബോർഡിന്റെ പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. പരീക്ഷയ്ക്ക് വൈകി എത്തിയ വിദ്യാർത്ഥികളുടെ ഫോൺ പരിശോധിച്ചപ്പോൾ ഇവയിൽ ചോദ്യപേപ്പർ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലാഡിലെ സ്വകാര്യ കോച്ചിംഗ് സെന്റർ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
മുകേഷ് യാദവ് എന്നാണ് അറസ്റ്റിലായ കോച്ചിംഗ് സെന്റർ അദ്ധ്യാപകന്റെ പേര്. പരീക്ഷയ്ക്ക് മുൻപ് വാട്സാപ്പ് വഴി ഇയാൾ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ അയച്ചു കൊടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിൽ മറ്റ് പരീക്ഷകളുടെ ചോദ്യപേപ്പറുകളും ചോർന്നതായി ആരോപിച്ച് നിരവധി അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തി. പരീക്ഷകൾ റദ്ദാക്കി വീണ്ടും നടത്തണമെന്നാണ് മിക്കവരുടെയും ആവശ്യം.








