ഛത്തീസ്ഗഢിൽ 1250 പേർ ഘർ വാപ്പസിയിലൂടെ സനാതന ധർമത്തിലേക്ക് മടങ്ങി. മഹാസമുന്ദ് ജില്ലയിലെ കതംഗ്പാലി ഗ്രാമത്തിൽ വിശ്വ കല്യാൺ മഹായഗ്യയിലൂടെയായിരുന്നു ഇവർ സ്വധർമത്തിലേക്ക് മടങ്ങിയത്. ആര്യ പ്രതിനിധി സമാജമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ബിജെപി സംസ്ഥാന സെക്രട്ടറി പ്രബൽ പ്രതാപ് സിംഗ് ജുദേവിന്റെ മേൽനോട്ടത്തിലായിരുന്നു ഘർ വാപ്പസി. സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയവരെ ഗംഗാജലം കൊണ്ട് കാൽ കഴുകി അദ്ദേഹം സ്വീകരിച്ചു. നിർബ്ബന്ധിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റിയവരെ സ്വധർമ്മത്തിലേക്ക് മടക്കിക്കൊണ്ട് വരാനുള്ള പരിശ്രമങ്ങൾ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് തലമുറകൾക്ക് മുൻപ് ക്രിസ്തുമതം സ്വീകരിച്ചവരാണ് ഛത്തീസ്ഗഢിൽ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയത്. അന്ന് ദാരിദ്ര്യത്തിലായിരുന്ന ഇവരെ പണം നൽകിയും മറ്റ് പാരിതോഷികങ്ങൾ നൽകിയുമായിരുന്നു മതം മാറ്റിയത്. ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിൽ പതിനായിരത്തിലധികം പേർ സ്വധർമ്മത്തിലേക്ക് മടങ്ങി വരാൻ സന്നദ്ധരാണെന്നും അവരെ മടക്കിക്കൊണ്ട് വരാൻ ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രബൽ പ്രതാപ് സിംഗ് ജുദേവ് പറഞ്ഞു.
Discussion about this post