കൊച്ചി: എറണാകുളം കോമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 80 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ആണ് പിടിച്ചെടുത്തത്. കിഴക്കമ്പലം ഊരക്കാട് നിന്ന് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്ത കേസിന്റെ തുടരന്വേഷണമാണ് കോമ്പാറയിലെ വന്‍ കഞ്ചാവ് വേട്ടയിലെത്തിച്ചത്. നിര്‍ത്തിയിട്ട കാറിന്റെ ഡിക്കിയില്‍ വിവിധ പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കാറില്‍ ചുറ്റിക്കറങ്ങി വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. ആലുവ സ്വദേശി കബീര്‍, എടത്തല സ്വദേശി നജീബ്, വരാപ്പുഴ സ്വദേശികളായ മനു ബാബു, മനീഷ് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് വാങ്ങാനെത്തിയ രണ്ട്പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post