ന്യൂഡല്‍ഹി: വിവി പാറ്റ് കേസിലെ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവി പാറ്റ് കേസിലെ വിധി ഇന്‍ഡി സഖ്യത്തിനുള്ള മറുപടിയാണ് എന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഇന്‍ഡി നേതാക്കൾ ഇവിഎമ്മിനെക്കുറിച്ച് സംശയമുണ്ടാക്കാൻ നോക്കുകയാണ്. വ്യക്തിപരമായ താൽപര്യം നോക്കിയാണ് ചിലർ ഇവിഎമ്മിനെ അപകീർത്തിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകം മുഴുവൻ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഇന്ത്യയെ പ്രശംസിക്കുകയാണ്. ഇവർ നിരന്തരം ജനാധിപത്യത്തെ ചതിക്കാൻ നോക്കുകയാണ്. ബാലറ്റ് ബോക്സുകൾ കൊള്ളയടിക്കാമെന്ന അവരുടെ മോഹം ഇനി നടക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവി പാറ്റ് സ്ലിപ്പുകൾ പൂർണ്ണമായും ഒത്തു നോക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീം കോടതി തള്ളിയത്. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്നും ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് ഉചിതമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വോട്ടെണ്ണൽ കഴിഞ്ഞ് ഇവിഎമ്മിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ മൈക്രോ കൺട്രോളർ സ്ഥാനാർത്ഥികൾക്ക് സ്വന്തം ചിലവിൽ പരിശോധിക്കാൻ അപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി.
Discussion about this post