കൊച്ചി: തന്റെയും മറ്റു സാക്ഷികളുടെയും മൊഴികള്‍ കുറ്റം ശരിവെക്കാന്‍ മതിയായിരുന്നിട്ടും ഇവ ശരിയായി വിലയിരുത്താതെയാണ് പീഡനക്കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട് കോട്ടയം സെഷന്‍സ് കോടതി ഉത്തരവിട്ടതെന്ന് ഇരയായ കന്യാസ്ത്രീ ഹൈകോടതിയില്‍. ബിഷപ് എന്ന അധികാരം ഉപയോഗിച്ചാണ് ഫ്രാങ്കോ പീഡിപ്പിച്ചത്. ജലന്ധര്‍ രൂപതയുടെ കീഴില്‍ കുറവിലങ്ങാടുള്ള കോണ്വെന്റില്വെച്ചാണ് ഫ്രാങ്കോ 13 തവണ ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതിനെ ചെറുക്കാനുള്ള ശ്രമങ്ങളെല്ലാം ബിഷപ് എന്ന അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നുവെന്നും അപ്പീല്‍ ഹർജിയില്‍ പറയുന്നു.
ബിഷപ്പിന്റെ ഇഷ്ടത്തിന് വഴങ്ങാതായതോടെ മദര്‍ സുപ്പീരിയര്‍ എന്ന പദവിയില്‍നിന്ന് സാധാരണ കന്യാസ്ത്രീയാക്കി തരംതാഴ്ത്തി. ഇത്തരമൊരു നടപടി രൂപതയില്‍ ആദ്യമായാണ്. ആദ്യമായാണ് ബിഷപ്പിനെതിരെ ഒരു കന്യാസ്ത്രീ പീഡന പരാതി ഉന്നയിക്കുന്നതും. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെ വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തന്റെ സുരക്ഷിതത്വവും ആത്മവിശ്വാസവും സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്നതാണ്.
തന്നെ പിന്തുണച്ച കന്യാസ്ത്രീകള്‍പോലും സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യത്തിലാണ്. സഭാംഗം എന്ന നിലയിലാണ് പീഡനത്തിനിരയായത് എന്നതിനാല്‍ തന്നെ പുനരധിവസിപ്പിക്കുന്നതില്‍ സഭക്കും ഉത്തവാദിത്തമുണ്ട്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി പ്രതിയെ കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും നഷ്ടപരിഹാരം നല്കാന് ഉത്തരവിടണമെന്നുമാണ് ഹർജിയിലെ ആവശ്യം.
Discussion about this post