കടപ്പ: ഉഗാദി ആഘോഷങ്ങളുടെ ഭാഗമായി മുസ്ലീം വിശ്വാസികൾ ആന്ധ്രാ പ്രദേശിലെ കടപ്പ ശ്രീ ലക്ഷ്മീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഉഗാദി ആഘോഷങ്ങളുടെ ഭാഗമായി മുസ്ലീം വിശ്വാസികൾ പ്രാർഥന നടത്തുന്നത് ഇവിടത്തെ ഒരു ആചാരമാണ്. ക്ഷേത്രത്തിലെ ദേവീ സങ്കൽപ്പത്തെ ബീബി നഞ്ചാരമ്മ എന്നാണ് മുസ്ലീങ്ങൾ സംബോധന ചെയ്യുന്നത്.
പ്രാർത്ഥനയുടെ ഭാഗമായി മുസ്ലീം വിശ്വാസികൾ അരിയും മധുര പലഹാരങ്ങളും ശർക്കരയും ദേവിക്ക് നേർച്ചയായി സമർപ്പിച്ചു. ദേവിയെയും വെങ്കടേശ്വര സ്വാമിയെയും കുടുംബാംഗങ്ങളായാണ് മുസ്ലീം വിശ്വാസികൾ കണക്കാക്കുന്നതെന്ന് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ പറഞ്ഞു.
കന്നട- തെലുങ്ക് പുതുവർഷ ആഘോഷമാണ് ഉഗാദി. മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിലും ഉഗാദി പുതുവത്സര ആഘോഷമായി കൊണ്ടാടാറുണ്ട്. കേരളത്തിലെ വിഷുവിന് സമാനമായ ആഘോഷമാണ് ഇത്.












