ഹൈദരാബാദ്: ആഡംബര ഹോട്ടലിൽ നടന്ന ലഹരിമരുന്ന് പാർട്ടിക്കിക്കിടെ പൊലീസ് നടത്തിയ റെയ്ഡിൽ നൂറ്റിയൻപതോളം പേർ അറസ്റ്റിലായി. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു പരിശോധന. അറസ്റ്റിലായവരിൽ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരുടെ മക്കളും ഉൾപ്പെടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹൈദരാബാദ് പൊലീസിന്റെ പ്രത്യേക ദൗത്യ സേനയാണ് നഗരത്തിലെ റാഡിസൻ ഹോട്ടലിൽ മിന്നൽ പരിശോധന നടത്തിയത്. പാർട്ടിക്കിടെ നടത്തിയ റെയ്ഡിൽ ഹോട്ടലിൽ നിന്ന് ഏതാനും വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തവയിൽ നിരോധിത വസ്തുവായ കൊക്കെയ്ൻ ഉൾപ്പെട്ടിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അറസ്റ്റിലായവരിൽ മുപ്പതിലധികം പേർ സ്ത്രീകളാണ്. ലഹരിപ്പാർട്ടിക്കിടെ കസ്റ്റഡിയിലെടുത്തവരിൽ തെലുങ്കു നടി നിഹാരിക കൊനിഡേലയും ഒരു ഗായകനും സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ബിഗ് ബോസിന്റെ തെലുങ്കു പതിപ്പ് മൂന്നാം സീസണിൽ വിജയിയായ രാഹുൽ സിപ്ലിഗുനിയാണ് കസ്റ്റഡിയിലുള്ള ഗായകനെന്നാണ് റിപ്പോർട്ട്.
Discussion about this post