കോഴിക്കോട് : കുറ്റ്യാടി ജാനകിക്കാട് പുഴയില്‍ നവവരന്‍ മുങ്ങിമരിച്ച സംഭവം വിവരിച്ച് വധുവിന്റെ ബന്ധു. ഫോട്ടോ ഷൂട്ടിനായല്ല പുഴയില്‍ എത്തിയതെന്ന് നവ വധുവിന്റെ ബന്ധു സഹദേവന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കുളിക്കാന്‍ വേണ്ടിയാണ് ഇരുവരും ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ എത്തിയത്. മലവെള്ളപ്പാച്ചില്‍ ഉണ്ടായപ്പോള്‍ വരനും വധുവും ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നും സഹദേവന്‍ കൂട്ടിച്ചേര്‍ത്തു.
കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റജിലാണ് ജാനകിക്കാട് പുഴയില്‍ മുങ്ങിമരിച്ചത്. റജിലിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒഴുക്കില്‍പ്പെട്ട വധുവിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുറ്റ്യാടിപ്പുഴയിലാണ് ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടത്. വിവാഹം കഴിഞ്ഞ് 2 ആഴ്ചയായിരുന്നു. കഴിഞ്ഞ മാസം 14-ാം തീയതിയായിരുന്നു റജിലിന്റെ വിവാഹം. കുറ്റ്യാടിപ്പുഴയുടെ ഭാഗമായതിനാല്‍ ഇവിടെ ഒഴുക്ക് വളരെ കൂടുതലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
Discussion about this post