കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗക്കേസിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധവുമായി പരാതിക്കാരിയായ പെൺകുട്ടി. കേസിൽ അന്വേഷണം ഇഴയുകയാണെന്ന് പരാതിക്കാരി പറഞ്ഞു. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകുമെന്നും യുവതി പറഞ്ഞു.
ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യപേക്ഷ പിൻവലിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇനിയും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് പരാതിക്കാരി പറയുന്നു. പൊലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയുടെ അഭിഭാഷകയും വെളിപ്പെടുത്തി. ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അഭിഭാഷക വ്യക്തമാക്കി.
ബാലചന്ദ്രകുമാർ പീഡിപ്പിച്ചതായി കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് തന്നെ പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം.
Discussion about this post