ശ്രീനഗർ: എത്രയും വേഗം കശ്മീർ താഴ്വരയിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് കാട്ടി ബരാമുള്ളയിലെയും സമീപ പ്രദേശങ്ങളിലെയും കശ്മീരി പണ്ഡിറ്റുകൾക്ക് കത്തയച്ച് ഇസ്ലാമിക മൗലികവാദികൾ. 1990കളിലെ ഭീതിദമായ വംശഹത്യയുടെയും ന്യൂനപക്ഷ വേട്ടയുടെയും ഓർമ്മകളിലേക്ക് പണ്ഡിറ്റുകളെ കൂട്ടിക്കൊണ്ട് പോകുന്നവയാണ് കത്തുകളെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ലഷ്കർ ഇ ഇസ്ലാം എന്ന പ്രാദേശിക ഭീകരവാദി സംഘടനയുടെ പേരിലാണ് ഇത്തവണ ഭീഷണിക്കത്തുകൾ അയച്ചിരിക്കുന്നത്. ഭീഷണിക്കത്തുകളുടെ പകർപ്പുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഹവാൽ, ബരാമുള്ള എന്നിവിടങ്ങളിലെ കശ്മീരി പണ്ഡിറ്റുകളുടെ അഭയാർത്ഥി ക്യാമ്പുകളുടെ പ്രസിഡന്റിനാണ് കത്തുകൾ ലഭിച്ചിരിക്കുന്നത്.
കശ്മീരി പണ്ഡിറ്റുകളോട് എത്രയും വേഗം കശ്മീർ വിട്ട് പോകുവാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്. അനുസരിച്ചില്ലെങ്കിൽ നിങ്ങളുടെ മുഴുവൻ കുടുംബവും അനുഭവിക്കും. ഞങ്ങൾ നിങ്ങളെ ഭയപ്പെടുത്തുകയാണെന്ന് കരുതരുത്. ഇത് മുസ്ലീങ്ങളുടെയും ഇസ്ലാം മതം സ്വീകരിച്ചവരുടെയും നാടാണ്. ഇത് അള്ളാഹുവിന്റെ മണ്ണാണ്. ഇവിടെ ഹിന്ദുക്കൾക്ക് താമസിക്കാൻ കഴിയില്ലെന്ന് കത്തിൽ പറയുന്നു. 1990ൽ ബാക്കിയാക്കിയത് ചെയ്യാൻ ഞങ്ങളുടെ സഹോദരന്മാരെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പോടെയാണ് കത്ത് അവസാനിക്കുന്നത്.








