മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കും. ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ ഫെബ്രുവരി 23നാണ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറില്‍ നിന്നും 1993 ലെ സ്ഫോടന പരമ്പര കേസിലെ പ്രതിയായ സര്‍ദാര്‍ ഷാവാലി ഖാനില്‍ നിന്നും മാലിക് വാങ്ങിയ കുര്‍ളയിലെ 2.75 ഏക്കറിനെക്കുറിച്ച് ഇ.ഡി അന്വേഷണം നടത്തിയിരുന്നു. ഇടപാടിനായി നല്കിയ പണം തീവ്രവാദ ഫണ്ടിങിനായി ഉപയോഗിച്ചുവെന്നാണ് മാലിക്കിനെതിരെ ഇ.ഡിയുടെ ആരോപണം. 2003 നും 2005 നും ഇടയിലാണ് ഇടപാട് നടന്നതെന്ന് ഇ.ഡി പറയുന്നു.
2022 ഫെബ്രുവരി 3 ന് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികള്‍ക്കുമെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ ദാവൂദിനും കൂട്ടാളികള്‍ക്കുമെതിരെ ഇ.ഡി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യ വിട്ടശേഷം ദാവൂദ് ഇബ്രാഹിം തന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയത് അടുത്ത കൂട്ടാളികളായ ഹസീന പാര്ക്കറിലൂടെയാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയുടെ അനധികൃത സ്വത്തുക്കള്‍ തുച്ഛ വിലക്ക് മാലിക്ക് വാങ്ങിയെന്നും ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുമായി ഭൂമി ഇടപാട് നടത്തിയെന്നും ഇ.ഡി ആരോപിച്ചു. 2002-ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം മാലിക്കിന്റെയും കുടുംബാംഗങ്ങളുടെയും എം.എസ് സോളിഡസ് ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും, എം.എസ് മാലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും സ്വത്തുക്കള്‍ ഈ മാസം ആദ്യം ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മാലിക്ക് ഇപ്പോള്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ്.
Discussion about this post