ഡൽഹി: കോൺഗ്രസ് അംഗത്വം സ്വീകരിക്കാനുള്ള ക്ഷണം പ്രശാന്ത് കിഷോർ ഉപേക്ഷിച്ച സാഹചര്യത്തിൽ കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി നേതാക്കൾ. ഉൽപ്പന്നം മോശമാണെങ്കിൽ വിൽപ്പനക്കാരൻ എത്ര കഴിവുള്ളവനായിട്ടും കാര്യമില്ലെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. കുടുംബവാഴ്ച കാലഹരണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കാലാവധി പിന്നിട്ട കുടുംബ രാഷ്ട്രീയത്തിന്റെ ഉൽപ്പന്നങ്ങൾ ഇനിയും നിങ്ങൾക്ക് ഇന്ത്യയിൽ വിൽക്കാനാകില്ല. പാർട്ടിയെ രക്ഷിക്കുകയല്ല, കുടുംബാധിപത്യം സംരക്ഷിക്കുകയാണ് കോൺഗ്രസിന്റെ മുഖ്യ അജൻഡ. അതുകൊണ്ടാണ് മാറ്റത്തിനും സംഘടനാപരമായ അഴിച്ചുപണിക്കുമുള്ള പ്രശാന്ത് കിഷോറിന്റെ നിർദ്ദേശങ്ങൾ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചതെന്നും പൂനാവാല പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പു സമയത്ത് കച്ചവടക്കാരുടെ സഹായം തേടാറുണ്ട്. പ്രശാന്ത് കിഷോറും വെറുമൊരു കച്ചവടക്കാരൻ മാത്രമാണ്. സംശയമുള്ളവർക്ക് അദ്ദേഹത്തിന്റെ ചരിത്രം പരിശോധിക്കാം. പ്രശാന്ത് കിഷോറിന് പഞ്ചാബിലും ഉത്തർപ്രദേശിലും മറ്റു സ്ഥലങ്ങളിലും തോറ്റ ചരിത്രവുമുണ്ട്. കോൺഗ്രസ് നേതൃദാരിദ്ര്യം നേരിടുന്നുണ്ടോ എന്നതാണ് ഇവിടുത്തെ പ്രസക്തമായ ചോദ്യം. അതിനായി പാർട്ടിക്ക് പുറത്തുനിന്ന് ആളുകളെ വാടകയ്ക്ക് കൊണ്ടുവരണോ എന്നായിരുന്നു ബിജെപി വക്താവ് ഗുരുപ്രകാശ് പസ്വാന്റെ പരിഹാസം.
Discussion about this post