ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. രാജസ്ഥാനിലെ ബുണ്ടി ജില്ലാ പോക്സോ കോടതിയാണ് അതിക്രൂരമായ കൊലപാതകത്തില്‍ വിധി പറഞ്ഞത്. സുല്‍ത്താന്‍ ബില്‍(27), ഛോട്ടു ലാല്‍ (62) എന്നിവര്‍ക്കാണ് കോടതി തൂക്കുകയര്‍ വിധിച്ചത്.
പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.20 ലക്ഷം രൂപ നല്‍കണമെന്നും വിധിയില്‍ പറയുന്നു. 17 വയസ്സുള്ള മറ്റൊരു പ്രതിയുടെ വിചാരണ തുടരുകയാണ്. കൂട്ടബലാത്സംഗത്തിനിരയായ 15 വയസ്സുകാരിയുടെ മൃതദേഹത്തില്‍ ഗുരുതര പരുക്കുകള്‍ ഉണ്ടായിരുന്നു. 100 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വനത്തിന് സമീപം ആടുകളെ മേയ്ക്കാന്‍ പോയ കുട്ടിയെയാണ് സംഘം പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. മൃതദേഹം കാട്ടില്‍ തന്നെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. 12 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതികളെ പിടികൂടുകയും 40 ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post