ഡല്‍ഹി: ദേശീയ ജുഡീഷ്യല്‍ നിയമനകമ്മിഷന്‍ അസാധുവാക്കിയ സുപ്രീംകോടതി വിധി ചോദ്യം ചെയ്ത് കേന്ദ്രധനമന്ത്രിയും അഭിഭാഷകനുമായ അരുണ്‍ജെയ്റ്റ്ലി. തെരഞ്ഞെടുക്കപ്പെടാത്തവരുടെ ദുര്‍ഭരണമല്ല ഇന്ത്യന്‍ ജനാധിപത്യമെന്നും തെരഞ്ഞെടുക്കപ്പെട്ടവരെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
തന്റെ വ്യക്തിപരമായ ബദല്വീക്ഷണമെന്ന് അഭിപ്രായപ്പെട്ടാണ് സുപ്രീംകോടതിയെ ജെയ്റ്റ്ലി വിമര്‍ശിച്ചത്.
ജനാധിപത്യത്തിന്റെ ഒരു അടിസ്ഥാനശിലയുടെ പ്രാമുഖ്യം മാത്രമാണ് കോടതിവിധി ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ജെയ്റ്റ്ലി ആരോപിക്കുന്നു. ജനാധിപത്യത്തിന്റെ ഭാഗമായ പാര്‍ലമെന്ററി ജനാധിപത്യം, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, മന്ത്രിസഭ, തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരുടെ പ്രാമുഖ്യത്തെ കോടതിവിധി ഇകഴ്ത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനയുടെ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാവണം കോടതികള്‍ ഭരണഘടനയെ വ്യാഖ്യാനിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍നിന്ന് ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും രക്ഷപ്പെടുത്തണമെന്ന് ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നിയമിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷനും സി.എ.ജി യുമെല്ലാം വിശ്വാസ്യതയില്ലാത്തവരാണെന്നാണോ പറയേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.
Discussion about this post