ചലച്ചിത്ര മേഖലയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷന്. സിനിമ മേഖലയില്‍ ബാലതാരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും അവകാശം സംരംക്ഷിക്കുന്നതും സംബന്ധിച്ച് കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സിനിമയ്ക്കും മറ്റു പരിപാടികള്‍ക്കുമായി കുട്ടികളെ ഉള്‍പ്പെടുത്തുന്നതിന് നിര്‍മ്മാതാക്കള്‍ ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് അനുമതി തേടണമെന്ന് കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലുണ്ട്. സിനിമയുടെ സെറ്റ് പരിശോധിച്ച ശേഷം നിര്‍മ്മാതാക്കള്‍ പെര്‍മിറ്റ് എടുക്കണം. ഇത് ആറുമാസത്തെ കാലാവധിയുള്ളതാണ്.
കുട്ടികളുടെ വൈകാരിക ആരോഗ്യത്തെ ബാധിക്കുന്ന പരിഹാസങ്ങള്‍, അപമാനങ്ങള്‍, പരുഷമായ അഭിപ്രായങ്ങള്‍ എന്നിവയ്ക്ക് വിധേയമാകുന്ന ഒരു റോളില്‍ കുട്ടികള്‍ അഭിനയിക്കുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പാക്കേണ്ടതുണ്ട്. മദ്യം കഴിക്കുകയോ പുകവലിക്കുകയോ നഗ്നത പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്. പോഷകപ്രദമായ ഭക്ഷണവും വിശ്രമത്തിനും വിനോദത്തിനും ഉള്ള സൗകര്യവും നല്‍കേണ്ടതുണ്ട്.
പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ കുട്ടികള്‍ സുരക്ഷിതരായിരിക്കണം. മറ്റുള്ളവര്‍ കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ പ്രൊട്ടോകോളും ഉണ്ടായിരിക്കണം. ഒരു കുട്ടിയെയും ആറ് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കരുത്. ഈ സമയത്ത് ഓരോ മൂന്ന് മണിക്കൂറിലും ഇടവേള നല്‍കണം. രാത്രി ഏഴ് മണി മുതല്‍ രാവിലെ എട്ട് മണി വരെയുള്ള സമയത്തിനുള്ളില്‍ കുട്ടികളെ ഷൂട്ടിങില്‍ പങ്കെടുപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.
സിനിമയുടെ ചിത്രീകരണം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കേണ്ടത് നിര്‍മ്മാതാവിന്റെ ഉത്തരവാദിത്വമാണ്. സ്കൂളില്‍ പോകുന്നതിന് പുറമെ കുട്ടികള്‍ക്ക് പ്രൈവറ്റ് അദ്ധ്യാപകരെ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്. നെറ്റ്ഫ്ളിക്സ്, ആമസോണ്‍, ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കണ്ടന്റ് നിര്‍മ്മിക്കുന്നതിനുള്ള കുട്ടികളുടെ ഇടപെടലിനും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.
Discussion about this post