ജയ്പൂര്‍: ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് അജ്മീര്‍ ദര്‍ഗ ദീവാന്‍ സൈനുല്‍ ആബിദീന്‍ അലി ഖാന്‍. ഇന്ത്യയില്‍ ‘താലിബാനിസം ചിന്താഗതി’ വളരാന്‍ രാജ്യത്തെ മുസ്ലിംകള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു മതവും മനുഷ്യത്വത്തിനെതിരായ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകിച്ചും, ഇസ്ലാം മതത്തില്‍, എല്ലാ മതാധ്യാപനങ്ങളുടെയും അടിസ്ഥാനം സമാധാനമാണ് -അദ്ദേഹം പറഞ്ഞു.
ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഭയാനകമായ വിഡിയോയില്‍, ഒരു പാവപ്പെട്ട മനുഷ്യനുനേരെ വികൃത മനസ്സുള്ളവരാണ് ക്രൂരമായ ആക്രമണം നടത്തിയത്. ഇസ്ലാമിക ലോകത്ത് കടുത്ത ശിക്ഷാര്‍ഹമായ കാര്യമാണിത്. ആക്രമണത്തിന്‍റെ വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന തീവ്ര സംഘങ്ങളാണ് ഈ ആക്രമണത്തിനു പിന്നില്‍. ഇതിനെ ശക്തമായി തള്ളിപ്പറയുന്നു. കുറ്റവാളികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം.
ഇന്ത്യയിലെ മുസ്ലിംകള്‍ അവരുടെ മാതൃരാജ്യത്ത് താലിബാനിസം ചിന്താഗതി വളര്‍ന്നുവരാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജംഇയ്യത്ത് ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന ഹക്കീമുദ്ദീന്‍ ഖാസിമിയും കൊലപാതകത്തെ ശക്തമായി അപലപിച്ചു. ഈ ക്രൂര കൃത്യം ആരു ചെയ്തതായാലും ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ഇത് നമ്മുടെ മതത്തിനും രാജ്യത്തെ നിയമങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദും അപലപിച്ചു.
കൃത്യം കിരാതവും പ്രാകൃതവുമാണെന്നും ഇസ്ലാമില്‍ ആക്രമങ്ങള്‍ക്ക് ഇടമില്ലെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി. ഈ ഹീനമായ കുറ്റകൃത്യത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ഒരാളും ശ്രമിക്കരുതെന്നും ജമാഅത്ത് ആവശ്യപ്പെട്ടു.
Discussion about this post