രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ദേവേന്ദ്ര ഫഡ്നവിസ് ഇന്ന് ഗവര്‍ണറെ കണ്ടേക്കും. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. നടപടികള്‍ രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.
ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ഇന്നലെ രാത്രി രാജിപ്രഖ്യാപനം നടത്തിയതോടെയാണ് ഇന്ന് നടക്കേണ്ടിയിരുന്ന വിശ്വാസ വോട്ടെടുപ്പ് ഒഴിവായത്. അതിനിടെ വിമത ശിവസേന എംഎല്‍എമാരോട് ഉടൻ മുംബൈയിൽ എത്തേണ്ടതില്ലെന്ന് ബിജെപി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ദിവസം എത്തിയാൽ മതിയെന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നിയമസഭാ കൗണ്‍സിൽ അംഗത്വത്തിൽ നിന്നും രാജിവച്ച താക്കറെ ശിവസേന പ്രവര്‍ത്തകരെ വൈകാരികമായി ഉണര്‍ത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. തീര്‍ത്തും വൈകാരികമായ രാജിപ്രഖ്യാപന പ്രസംഗത്തിൽ ഉടനീളം സാധാരണക്കാരായ ശിവസേന പ്രവര്‍ത്തകരെ സ്പര്‍ശിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രിമാരിൽ ഇനി മകൻ ആദിത്യ താക്കറെ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്.
Discussion about this post