ഡല്‍ഹി: ഇന്ദിരാഗാന്ധി തന്റെ മരണം മുന്‍കൂട്ടി കണ്ടിരുന്നുവെന്നും തന്റെ രാഷ്ട്രീയ പാരമ്പര്യം പിന്തുടരാന്‍ ഇന്ദിര ആഗ്രഹിച്ചത് കൊച്ചുമകള്‍ പ്രിയങ്കാ ഗാന്ധിയാണെന്നും വെളിപ്പെടുത്തല്‍. ഇന്ദിരയുടെ വിശ്വസ്തനായിരുന്ന എം.എല്‍.ഫോട്ടേദാര്‍ തന്റെ പുസ്തകത്തിലാണ് ഇത് സംബന്ധിച്ച് കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.
കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ദിര ഗാന്ധി തന്റെ മരണം സൂചിപ്പിച്ചിരുന്നതായി ഫോട്ടെദാര്‍ പറഞ്ഞു. ഭാവിയില്‍ പ്രിയങ്ക വലിയ നേതാവാകുമെന്നും തന്റെ പ്രകൃതം പ്രിയങ്കയ്ക്കുള്ളതായി ഇന്ദിര പറഞ്ഞതായും ഫോട്ടെദാര്‍ പറയുന്നു.
കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് താന്‍ ഇന്ദിരയോടൊപ്പം ജമ്മു കാശ്മീരില്‍ ഉണ്ടായിരുന്നു. അവിടെ വെച്ചാണ് പ്രിയങ്കയെക്കുറിച്ച് ഇന്ദിര പറഞ്ഞത്- ഫോട്ടെദാര്‍ അവകാശപ്പെട്ടു. അടുത്ത നൂറ്റാണ്ട് പ്രിയങ്കയുടേതാകുമെന്ന് ഇന്ദിര ഗാന്ധി പറഞ്ഞിരുന്നു. രാജീവ് ഗാന്ധിയോടും സോണിയ ഗാന്ധിയോടും താന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രിയങ്ക രാഷ്ട്രീയത്തില്‍ വരുന്നതില്‍ സോണിയയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇന്ന് കാണുന്ന പ്രിയങ്ക ഗാന്ധി ഒന്നുമല്ലെന്നും കാത്തിരിയ്ക്കൂ എന്നും എം.എല്‍.ഫോട്ടെദാര്‍ പറയുന്നു.
30ന് പുറത്തിറങ്ങുന്ന’ചിനാര്‍ ലീവ്‌സ്’ എന്ന എം.എല്‍.ഫോട്ടെദാറിന്റെ പുസ്തകത്തില്‍ ഇന്ദിര ഗാന്ധിയുമായി ബന്ധപ്പെട്ട ഈ കാര്യങ്ങള്‍ പരാമര്‍ശിയ്ക്കുന്നുണ്ട്. 2004ല്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സമ്മതിക്കാതിരുന്നതിനു പിന്നില്‍ കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദമാണെന്നുള്ള മുന്‍മന്ത്രി നട്‌വര്‍ സിങ്ങിന്റെ പരാമര്‍ശത്തോട് ഫൊട്ടേദാര്‍ പുസ്തകത്തില്‍ ആഭിമുഖ്യം രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post