ന്യൂഡൽഹി: യുകെ പ്രധാനമന്ത്രി മത്സരത്തിൽ ഋഷി സുനക് മുന്നിൽ മൂന്ന് റൌണ്ട് മത്സരം പൂർത്തിയായപ്പോഴും ഋഷി സുനക് തന്നെയാണ് മുന്നിൽ നിൽക്കുന്നത്.മൂന്നാം ഘട്ട വോട്ടെടുപ്പിൽ 115 വോട്ടുകളാണ് ഋഷി സുനക് നേടിയിരിക്കുന്നത് ഇനി രണ്ട് റൗണ്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. അവസാന ഘട്ട മത്സരത്തിൽ നാലുപേരാണ് തുടരുന്നത്.
മൂന്നാം ഘട്ടത്തിൽ ആകെ 357 വോട്ടുകളാണ് പോൾ ചെയ്തത്. മുൻ പ്രതിരോധ മന്ത്രി പെന്നി മൊർഡോണ്ട് 82 വോട്ടുകളും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 71 വോട്ടുകളും നേടി. കെമി ബഡെനോക്ക് 58 വോട്ടുകൾ നേടി നാലാം സ്ഥാനത്തെത്തി. അതേ സമയം 31 വോട്ടുകൾ നേടിയ ടോം തുഗെന്ധത് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പുറത്തായി. യുകെയിൽ നടക്കുന്ന അഭിപ്രായ സർവേകളും സുനക്കിന് അനുകൂലമാണ്. ഋഷി സുനക്കിന് കൺസർവേറ്റീവ് പാർട്ടിയുടെ പിന്തുണ മാത്രമല്ല ലഭിക്കുന്നത് പൊതുജനങ്ങളുടെ പിന്തുണയും സുനകിന് ഒപ്പമാണെന്നാണ് അഭിപ്രായസർവ്വേകൾ വ്യക്തമാക്കുന്നത്.
യുകെയ്ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പ്രധാനമന്ത്രിയായിരിക്കും ഋഷി സുനകെന്നാണ് ബോറിസ് ജോൺസൺ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന മാറ്റ് ഹാൻകോക്ക് അഭിപ്രായം പങ്കുവെച്ചത്. കഴിവുകൊണ്ട് മാത്രമല്ല ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള പ്രാഗൽഭ്യവും സുനകിനുണ്ടെന്ന് മാറ്റ് ഹാൻകോക് വിശേഷിപ്പിച്ചു. അതേ സമയം സ്ഥാനമൊഴിയുന്ന യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഋഷി സുനക്കിനെ പരസ്യമായി എതിർത്ത് രംഗത്ത് വന്നിരുന്നു











