ന്യൂഡൽഹി: ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ദുഷിച്ചുനാറിയ അടയാളങ്ങൾ തൂത്തെറിയുകയാണ് നരേന്ദ്രമോദി സർക്കാർ. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച രജ്പഥ് അടുത്ത ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറക്കും. രജ്പഥും സെൻട്രൽ വിസ്ത ലോണും ഉൾപ്പെടുന്ന മേഖല കർത്തവ്യ പഥ് എന്ന പേരിൽ പുനർനാമകരണം ചെയ്യാനുളള ഒരുക്കങ്ങളും ആരംഭിച്ചു.
നേതാജി പ്രതിമ മുതൽ രാഷ്ട്രപതി ഭവൻ വരെയുളള പാതയാണ് കർത്തവ്യ പഥ് എന്ന് പുനർനാമകരണം ചെയ്യുക. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷത്തിലേക്കുളള പ്രയാണത്തിൽ രാജ്യം എത്തിപ്പിടിക്കേണ്ട ലക്ഷ്യങ്ങൾ ഓർമ്മപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കർത്തവ്യപഥ് എന്ന പേര് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
കോളനിവൽക്കരണത്തിന്റെ അടയാളങ്ങൾ തുടച്ചുനീക്കേണ്ട കാലം അതിക്രമിച്ചുവെന്ന് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി ആവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്നതിന് മുന്നോടിയായി നാവികസേനയുടെ പതാകയും ഭാരതം മാറ്റിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നവീകരിച്ച രജ്പഥിന്റെയും പേര്മാറ്റം നടക്കുക.
പേര് മാറ്റുന്നതിനുളള നടപടിക്രമങ്ങൾ ആരംഭിച്ചതായിട്ടാണ് വിവരം. ഈ മാസം ഏഴിന് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ ഇതിനായി പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ രജ്പഥും സെൻട്രൽ വിസ്ത ലോണും പ്രധാനമന്ത്രിരാജ്യത്തിന് സമർപ്പിക്കുമെന്നാണ് വിവരം.
Discussion about this post