ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ ഭഗവത് ഗീതാ പാർക്കിന് നേരെ അക്രമം. പാർക്കിന്റെ പേരെഴുതിയ ബോർഡ് അക്രമികൾ ഇളക്കിമാറ്റുകയായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. അക്രമത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് അക്രമത്തെ അപലപിച്ചത്. പാർക്ക് ഒരു സംഘം സാമൂഹ്യ വിരുദ്ധർ അക്രമിക്കുകയായിരുന്നുവെന്ന് ഹൈക്കമ്മീഷൻ ചൂണ്ടിക്കാട്ടി. ഭഗവത് ഗീതയോടുളള ആദരസൂചകമായിട്ടാണ് പാർക്കിന് അടുത്തിടെ ഭഗവത് ഗീതാ പാർക്ക് എന്ന് പേര് നൽകിയത്. ധാരാളം ഇന്ത്യക്കാരുളള രാജ്യമാണ് കാനഡ. അതുകൊണ്ടു തന്നെ അക്രമത്തെ ഇന്ത്യയും ഗൗരവത്തോടെയാണ് കാണുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അക്രമത്തിന്റെ ആസൂത്രകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കനേഡിയൻ അധികൃതരോടും പീൽ പോലീസിനോടും ഇന്ത്യൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികളോട് യാതൊരു ദയയും കാണിക്കില്ലെന്നും പാട്രിക് ബ്രൗൺ പറഞ്ഞു. വികലമാക്കിയ സൂചികാ ബോർഡ് നന്നാക്കാൻ നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.
കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നതായി കഴിഞ്ഞ മാസം കേന്ദ്രസർക്കാർ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വംശീയ ആക്രമണവും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചുവരികയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം.
Discussion about this post