ടെഹ്റാൻ : ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിന്റെ മരണം സ്ഥിരീകരിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഖത്തീബിനെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ട ഏതാനും മണിക്കൂറുകൾക്കുശേഷമാണ് ഇറാൻ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഖത്തീബിന്റേത് ഒരു ‘ഭീരുത്വപരമായ കൊലപാതകം’ ആണെന്നും ഇറാൻ പ്രസിഡണ്ട് വിശേഷിപ്പിച്ചു.
ഇറാന്റെ ജുഡീഷ്യറിയിലും ഇന്റലിജൻസ് മന്ത്രാലയത്തിലും വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഒരു ഷിയാ പുരോഹിതനായിരുന്നു ഇസ്മായിൽ ഖത്തീബ്. 1980 കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് അദ്ദേഹം റെവല്യൂഷണറി ഗാർഡിലും സേവനമനുഷ്ഠിച്ചിരുന്നു. ഖത്തീബിന്റെ മരണം ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ടായിരിക്കുന്നു എന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.
ഇറാനിയൻ ഭരണകൂടത്തിലെ മറ്റ് രണ്ട് പ്രധാന വ്യക്തികളായ ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, ബ്രിഗേഡിയർ ജനറൽ ഗോലംറേസ സുലൈമാനി എന്നിവരെ ചൊവ്വാഴ്ച കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇസ്മായിൽ ഖത്തീബിനെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. ഇറാനിലുടനീളം അടുത്തിടെ നടന്ന പ്രതിഷേധങ്ങളിൽ ഖത്തീബ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കൊലപ്പെടുത്തുകയും ലോകമെമ്പാടുമുള്ള ഇസ്രായേലികൾക്കും അമേരിക്കക്കാർക്കുമെതിരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കിയിരുന്നു.








