ന്യൂഡൽഹി: നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് ത്രിശൂലമോ ഉദയസൂര്യനോ പന്തമോ ചിഹ്നമായി അനുവദിക്കണമെന്ന് ഉദ്ധവ് താക്കറെ. ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയ പശ്ചാത്തലത്തിലാണ് ആവശ്യം.
അമ്പും വില്ലും ഉദ്ധവിന്റെ സ്ഥാനാർത്ഥിക്ക് അനുവദിക്കരുതെന്ന് ഏക്‌നാഥ് ഷിൻഡെ വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ശിവസേന ഏതെന്ന കാര്യത്തിൽ ഇരുകൂട്ടരും തമ്മിലുളള തർക്കം കമ്മീഷന്റെ പരിഗണനയിലുമാണ്. തുടർന്നാണ് ഉപതിരഞ്ഞെടുപ്പിൽ അമ്പും വില്ലും ഉപയോഗിക്കുന്നതിൽ നിന്ന് കമ്മീഷൻ ഇരുകൂട്ടരെയും വിലക്കിയത്.
തിങ്കളാഴ്ച മൂന്ന് താൽക്കാലിക ചിഹ്നങ്ങൾക്കായി അപേക്ഷ നൽകാൻ കമ്മീഷൻ ഇരുകൂട്ടരോടും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഉദ്ധവ് പക്ഷം ചിഹ്നങ്ങൾ ആവശ്യപ്പെട്ടത്. പാർട്ടി എംപി അരവിന്ദ് സാവന്ത് ആണ് ഇക്കാര്യം അറിയിച്ചത്.
ത്രിശൂലമാണ് ആദ്യ പരിഗണനയായി വെച്ചിരിക്കുന്നത്. ഉദയസൂര്യൻ രണ്ടാമത്തെയും പന്തം മൂന്നാമത്തെയും ചോയ്‌സ് ആയിട്ടാണ് സമർപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെ താൽക്കാലിക പേരുകളും സമർപ്പിച്ചിട്ടുണ്ട്. തർക്കം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ശിവസേനയുടെ പേരിൽ മത്സരിക്കാനാകില്ല. ശിവസേന ബാലാസാഹെബ് താക്കറെ, ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ തുടങ്ങിയ പേരുകളാണ് കമ്മീഷന് മുൻപാകെ ഉദ്ധവ് വിഭാഗം ആവശ്യപ്പെട്ടിട്ടുളളത്.










