തൃശൂർ :പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂർ മലയുടെ താഴ് വാരത്ത് മൊബൈൽ ടവർ സ്ഥാപിച്ചതിൻറെ സന്തോഷം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ.മൊബൈലിന് റേഞ്ച് ഇല്ലാതെ കുട്ടികൾ പഠിക്കാൻ പോലും കഷ്ടപ്പാടനുഭവിച്ച സമയത്താണ് സന്ദീപ് വാര്യർ സഹായവുമായെത്തിയത്.
ബിഎസ്എൻഎൽ അട്ടപ്പാടിയിലെ ഊരുകൾക്ക് പരിഗണന നല്കുന്നതിനാലും സാങ്കേതിക പ്രശ്നങ്ങളാലും ടവർ ഉടൻ സ്ഥാപിക്കാൻ കഴിയില്ലെന്ന് അറിയിച്ചതിനാലുമാണ് പ്രശ്നം സങ്കീർണ്ണമായത്.പ്രദേശത്ത് ടവർ സ്ഥാപിക്കുന്നത് സാങ്കേതികമായി വലിയ ചിലവായതിനാൽ മൊബൈൽ കമ്പനികളൊന്നും ആദ്യം സഹകരിച്ചില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഏറ്റവും മുകേഷ് അംബാനിയുടെ ടീമംഗമായ ശങ്കരനെ ബന്ധപ്പെട്ടന്നും ടവർ യാഥാർത്ഥ്യമാക്കിയെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.പദ്ധതിയ്ക്കായി 80 ലക്ഷം രൂപ ചിലവാക്കിയെന്നും സന്ദീപ് വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണ്ണരൂപം;
പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂർ മലയുടെ താഴ് വാരത്ത് മൊബൈൽ റേഞ്ച് ഇല്ലാതെ പഠിക്കാൻ പോലും കുട്ടികൾ കഷ്ടപ്പെട്ടിരുന്നു . ബിഎസ്എൻഎൽ അട്ടപ്പാടിയിലെ ഊരുകൾക്ക് പരിഗണന നല്കുന്നതിനാലും സാങ്കേതിക പ്രശ്നങ്ങളാലും ടവർ ഉടൻ സ്ഥാപിക്കാൻ കഴിയില്ലെന്ന് അറിയിക്കുന്നു . ഒടുവിൽ അവിടത്തെ പഞ്ചായത്ത് മെമ്പർ ബന്ധപ്പെട്ടു . കേരളത്തിലെ മുഴുവൻ സർവീസ് പ്രൊവൈഡർമാരുമായും സംസാരിച്ചു . ആ പ്രദേശത്ത് ടവർ സ്ഥാപിക്കുന്നത് സാങ്കേതികമായി വലിയ ചിലവുള്ള കാര്യമായതിനാൽ ആരും തയ്യാറായില്ല . കുട്ടികളുടെ വിദ്യാഭ്യാസം മുതൽ ആശുപത്രി ആവശ്യങ്ങൾ വരെ നടത്താൻ ആ ഗ്രാമം അനുഭവിച്ച പ്രയാസം വളരെ വലുതാണ് .
ഒടുവിൽ മുംബൈയിൽ ശങ്കരേട്ടനെ ബന്ധപ്പെട്ടു . മുകേഷ് അംബാനിയുടെ ടീമിലെ അദ്ദേഹവുമായി വളരെ അടുത്ത മലയാളി . അംബാനിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം വന്നു . 80 ലക്ഷം രൂപ ചിലവിൽ ജിയോ ഇന്നലെ അവിടെ പുതിയ ടവർ തുടങ്ങി . മൊബൈൽ റേഞ്ച് വന്നത് ആ ഗ്രാമം അക്ഷരാർത്ഥത്തിൽ ആഘോഷിച്ചു .
വേണേൽ അടുത്ത വാർത്തക്ക് സ്കോപ്പുണ്ട് . സന്ദീപ് വാര്യർക്ക് മുകേഷ് അംബാനിയുമായി ബന്ധം . 80 ലക്ഷത്തിന്റെ അനധികൃത ടവർ കൊണ്ട് വന്നു …
Discussion about this post