ന്യൂഡൽഹി: അടുത്ത ചീഫ് ജസ്റ്റീസ് ആയി ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢിനെ നിയമിച്ചു. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. നവംബർ ഒൻപതിന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുമെന്നും കിരൺ റിജിജു ട്വിറ്ററിൽ അറിയിച്ചു.
രാജ്യത്തിന്റെ അൻപതാമത് ചീഫ് ജസ്റ്റീസ് ആയിട്ടാണ് ഡിവൈ ചന്ദ്രചൂഢ് നിയമിതനായത്. നിലവിലെ ചീഫ് ജസ്റ്റീസ് യുയു ലളിതിന്റെ ഔദ്യോഗിക കാലാവധി 74 ദിവസമായിരുന്നു. നവംബർ എട്ടിന് അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ്
പുതിയ ചീഫ് ജസ്റ്റീസിനെ നിയോഗിച്ചത്. 2024 നവംബർ 10 നാണ് അദ്ദേഹം വിരമിക്കുക.
ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായി നിരവധി നിർണായക കേസുകളിൽ വിധിപ്രഖ്യാപനം നടത്തിയിട്ടുണ്ട്. അയോദ്ധ്യ ഭൂമി തർക്കത്തിലുൾപ്പെടെ അദ്ദേഹം വാദം കേട്ടിരുന്നു. 2016 മെയ് 13 നാണ് അദ്ദേഹം സുപ്രീംകോടതി ജസ്റ്റീസ് ആയി നിയമിക്കപ്പെട്ടത്. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതി ജസ്റ്റീസ് ആയിരുന്നു. പിന്നീട് 2013 ഒക്ടോബർ 13 ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി നിയമിതനായി.
ഏറ്റവുമധികം കാലം ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് ആയിരുന്ന വൈ.വി ചന്ദ്രചൂഢിന്റെ മകനാണ്. 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയി വൈ വി ചന്ദ്രചൂഢ് സേവനമനുഷ്ഠിച്ചത്.
സ്വവർഗാനുരാഗം കുറ്റകരമല്ലാതാക്കുന്നതിലും അവിവാഹിതരായ അമ്മമാർക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി അടുത്തിടെ പുറപ്പെടുവിച്ച വിധിയുമൊക്കെ ഡിവൈ ചന്ദ്രചൂഢിന്റെ ന്യായാധിപ ചരിത്രത്തിലെ സുപ്രധാന വിധി പ്രഖ്യാപനങ്ങളായിരുന്നു.









