ഐഎംഡിബി (ഇന്റര്‍നെറ്റ് മൂവി ഡാറ്റബേസ്) പുറത്തുവിട്ട ഈ വര്‍ഷത്തെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തമിഴ് ചലച്ചിത്ര താരം ധനുഷ്. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, ഐശ്വര്യ റായ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി.
തമിഴ് ചലച്ചിത്ര മേഖലയ്ക്കു പുറമെ ലോക സിനിമയുടെ ഫ്രെയിമിലും തിളക്കമാര്‍ന്ന പ്രകടനമാണ് ധനുഷ് ഈ വര്‍ഷം കാഴ്ചവെച്ചത്. 2022ല്‍ നാല് ചിത്രങ്ങള്‍ സൂപ്പര്‍ താരത്തിന്റെ കൈയൊപ്പില്‍ പുറത്തിറങ്ങി. മാരന്‍, തിരുച്ചിത്രമ്പലം, നാനേ വരുവേന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ക്ക് പുറമെ ഹോളിവുഡ് ചിത്രമായ ദി ഗ്രേ മാന്‍ എന്ന ചിത്രത്തിലും ശ്രദ്ധ നേടുകയുണ്ടായി. ജനപ്രീതിയില്‍ ഒന്നാമതെത്തിയ ധനുഷ് ഈ ആദരവിന് നന്ദി അറിയിച്ചുകൊണ്ട് പങ്കുവെച്ച് ട്വീറ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ‘ആദരവില്‍ വിനയാന്വിതനായി.. ഓം നമഃശിവായ’ എന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണിപ്പോള്‍ നടന്‍.
ഐഎംഡിബി പുറത്തുവിട്ട പത്ത് ജനപ്രീയ താരങ്ങളുടെ പട്ടികയില്‍ രാം ചരണാണ് നാലാം സ്ഥാനത്ത്. സാമന്ത, ഹൃത്വിക് റോഷന്‍, കിയാര അദ്വാനി, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍, യഷ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
Discussion about this post