ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ വാർത്ത പുറത്തുവരുന്നു. പാകിസ്ഥാനെതിരായ മഹാപോരാട്ടത്തിന് മുൻപ് യുവ ഓപ്പണർ അഭിഷേക് ശർമ്മ പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും മത്സരത്തിൽ കളിക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകൾ. പ്രമുഖ കായിക മാധ്യമമായ ‘റെവ് സ്പോർട്സ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്.
വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അഭിഷേക്, നിലവിൽ സുഖം പ്രാപിച്ചു വരികയാണ്. പാകിസ്ഥാനെതിരെ കളിക്കാൻ താരം സജ്ജനാണെന്ന് മെഡിക്കൽ സംഘം സൂചന നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ ഓപ്പണിംഗിൽ ഇഷാൻ കിഷനൊപ്പം അഭിഷേക് തന്നെ ഇറങ്ങാനാണ് സാധ്യത.
അഭിഷേകിന്റെ അഭാവത്തിൽ നമീബിയക്കെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ മികച്ച തുടക്കം നൽകിയിരുന്നെങ്കിലും (22 റൺസ്), അഭിഷേക് തിരിച്ചെത്തുന്നതോടെ സഞ്ജു വീണ്ടും ബെഞ്ചിലേക്ക് മാറേണ്ടി വരും. പാകിസ്ഥാനെതിരായ മത്സരത്തിൽ സഞ്ജുവിനേക്കാൾ ടീം മാനേജ്മെന്റ് മുൻഗണന നൽകുന്നത് അഭിഷേകിന്റെ ആക്രമണോത്സുകമായ ബാറ്റിംഗിനാണ്.
കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനം നടത്തിയ ചരിത്രം അഭിഷേകിനുണ്ട്. ആ ആത്മവിശ്വാസം വരാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരത്തിലും ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും. പന്തിനെ ആഞ്ഞടിക്കുന്ന അഭിഷേകിന്റെ ശൈലി പാക് ബൗളർമാരുടെ താളം തെറ്റിക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു.












