തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ മൊഴി തിരുത്തിപ്പറഞ്ഞ് കാമുകിയായ ഗ്രീഷ്മ. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും ഗ്രീഷ്മ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്കി. കേസില്‍ തനിക്കെതിരായ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും ഗ്രീഷ്മ ആരോപിച്ചു. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയിലാണ് ഗ്രീഷ്മ മൊഴി നല്‍കിയത്. മുമ്പ് കഷായത്തില്‍ വിഷം നല്കി ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചിരുന്നു.
അതേസമയം പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിക്കുന്നത് സ്ഥിരമാണെന്നും അത് അന്വേഷണത്തെ ബാധിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. 70 ദിവസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും. ഗ്രീഷ്മയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് അനുമതി ചോദിക്കും.
ഒക്ടോബറിലാണ് പാറശാല സ്വദേശി ഷാരോണ്‍ വിഷം ഉള്ളില്‍ ചെന്ന് മരിക്കുന്നത്. ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങിയത്. ഗ്രീഷ്മ നല്കിയ കഷായവും ജ്യൂസും കുടിച്ചാണ് ഷാരോണ്‍ മരിച്ചതെന്ന് ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കേസില്‍ ഗ്രീഷ്മക്കെതിരെ തെളിവുകള്‍ ലഭിക്കുകയും ഗ്രീഷ്മയെയും അമ്മയെയും അമ്മയുടെ സഹോദരന് ഉള്‍പ്പടെയുള്ളവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ബന്ധത്തില്‍ നിന്നും ഷാരോണ്‍ പിന്മാറാന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വിഷം നല്‍കിയതെന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയിരുന്നത്.
Discussion about this post