ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടറിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ക്രൊയേഷ്യ. 4-2 നാണ് ബ്രസീലിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ സെമി ബെർത്ത് നേടിയത്. ഗോളുകൾ മാറി നിന്ന 90 മിനിറ്റിന് ശേഷം അനുവദിച്ച അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
വിരസമായിരുന്നു ആദ്യ പകുതി. ബ്രസീലിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെ മിന്നുന്ന പ്രകടനമാണ് പലപ്പോഴും അവരെ രക്ഷിച്ചത്. പറന്നും കിടന്നും പന്ത് തടുത്ത ലിവാകോവിച്ചാണ് കളിയിലെ താരം.
അധിക സമയത്തിന്റെ ആദ്യ പകുതിയിൽ നെയ്മർ വലകുലുക്കിയതോടെ മുന്നിലെത്തിയ ബ്രസീൽ വിജയ പ്രതീക്ഷയിലായിരുന്നു. എന്നാൽ 117 ാം മിനിറ്റിൽ പകരക്കാരനായി എത്തിയ ബ്രൂണോ പെട്‌കോവിച്ചിലൂടെ ക്രൊയേഷ്യ സമനില പിടിച്ചു. തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ക്രൊയേഷ്യയ്ക്ക് വേണ്ടി നിക്കോള വ്‌ലാസിച്ചും ലൊവറോ മയറും ലുക്കാ മോഡ്രിച്ചും ഓർസിച്ചും ലക്ഷ്യം കണ്ടതോടെ ബ്രസീലിന്റെ പ്രതീക്ഷകൾ ക്രൊയേഷ്യൻ മതിലിൽ തട്ടിച്ചിതറി. റോഡ്രിഗോയുടെ ആദ്യ ഷോട്ട് ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച്ച് തട്ടിയകറ്റി. ഇതോടെ ബ്രസീലിന് മുകളിൽ സമ്മർദ്ദമേറി. ഒടുവിൽ മാർക്വിനോസിന് കൂടി പിഴച്ചതോടെ ബ്രസീലിന്റെ പുറത്തേക്കുളള വഴി തെളിഞ്ഞു.
ആകാംക്ഷയോടെ കാത്തിരുന്ന ബ്രസീൽ – അർജന്റീന സ്വപ്‌ന ഫൈനൽ നഷ്ടമായതിന്റെ ആഘാതത്തിലാണ് ആരാധകർ. ലോകകപ്പ് ഫുട്‌ബോളിൽ അഞ്ച് തവണ ചാമ്പ്യൻമാരായ ബ്രസീൽ അവസാന അഞ്ച് ലോകകപ്പ് ക്വാർട്ടറുകളിൽ നാലെണ്ണത്തിലും പരാജയപ്പെട്ടത് യൂറോപ്യൻ ടീമുകളോടാണ്.
ജപ്പാനെ തോൽപിച്ചാണ് ക്രോയേഷ്യ ക്വാർട്ടറിൽ എത്തിയത്. 2018 ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ക്രൊയേഷ്യ. നെതർലൻഡ് – അർജന്റീന മത്സരത്തിലെ വിജയികളെയാണ് ക്രൊയേഷ്യ സെമിയിൽ നേരിടുക.
Discussion about this post