2000 രൂപ നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്ന് ബിജെപി എംപി സുശീൽ കുമാർ മോദി. രാജ്യസഭയിലെ സീറോ-അവർ സബ്മിഷനിലാണ് സുശീൽ മോദി വിഷയം ഉന്നയിച്ചത്. രാജ്യത്തെ ഒട്ടുമിക്ക എടിഎമ്മുകളിൽ നിന്നും 2000 രൂപ നോട്ടുകൾ അപ്രത്യക്ഷമായി. അവ ഉടൻ നിയമവിധേയമായേക്കില്ലെന്ന അഭ്യൂഹങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1000 രൂപ നോട്ട് വിതരണം നിർത്തിയപ്പോൾ 2000 രൂപ നോട്ട് കൊണ്ടുവരുന്നതിൽ യുക്തിയില്ലായിരുന്നു. 2,000 രൂപയുടെ നോട്ട് കള്ളപ്പണവും പൂഴ്ത്തിവെപ്പും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുന്നുവെന്ന് വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. 2000 രൂപ നോട്ടുകൾ പിൻവലിച്ച് അന്നുതന്നെ 1000 രൂപ നോട്ടുകൾ പുറത്തിറക്കുകയും ചെയ്യുമെന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
”ആർ.ബി.ഐ. ജനുവരി ഒന്നാം തീയതി മുതൽ ആയിരത്തിന്റെ പുതിയ നോട്ടുകൾ ഇറക്കുകയാണ്. അതേദിവസം രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കുകയും ചെയ്യും. അൻപതിനായിരം രൂപ വരെ മാത്രമാണ് രണ്ടായിരത്തിന്റെ നോട്ടുകൾ മാറ്റി വാങ്ങാൻ സാധിക്കുക. മുൻപ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കണമെങ്കിൽ എത്രയും പെട്ടെന്ന് നോട്ടുകൾ മാറുക.”എന്നാണ് വാർത്ത പ്രചരിച്ചത്. 1000 രൂപ നോട്ടിന്റേതെന്ന തരത്തിൽ ഒരു ചിത്രവും പ്രചരിക്കുന്നുണ്ടായിരുന്നു.
Discussion about this post