മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാത പിന്തുടര്‍ന്ന് മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. 34 വര്‍ഷം മുമ്പ് രഞ്ജി ട്രോഫിയുടെ അരങ്ങേറ്റ മത്സരത്തില്‍ കന്നി സെഞ്ച്വറി നേടിയുള്ള സച്ചിന്റെ കരിയര്‍ ഗ്രാഫ് മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ആവര്‍ത്തിച്ചിരിക്കുന്നു.
സച്ചിന്റെ സെഞ്ച്വറി 1988ല്‍ തന്റെ പതിനഞ്ചാം വയസില്‍ ഗുജറാത്തിന് എതിരെയായിരുന്നു, ഒരു ഡിസംബര്‍ മാസത്തില്‍. മകന്റെ രഞ്ജിയിലെ കന്നി സെഞ്ച്വറിയും ഡിസംബറില്‍ തന്നെ. രഞ്ജിയില്‍ ഇത്തവണ ഗോവയെ പ്രതിനിധീകരിക്കുന്ന അര്‍ജുന്‍ രാജസ്ഥാനെതിരെയാണ് കളിയുടെ രണ്ടാം ദിനത്തില്‍ സെഞ്ച്വറി നേടിയത്. കളി ഇപ്പോഴും തുടരുമ്പോള്‍ 12 ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടക്കം 112 റണ്‍സ് താരം നേടിയിട്ടുണ്ട്. മുംബൈ ക്രിക്കറ്റില്‍ അവസരങ്ങള്‍ കുറവായതാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മകന്‍ ഗോവ തെരഞ്ഞെടുക്കാന്‍ കാരണം.








