പട്‌ന: വിഷമദ്യ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന സൂചനയുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യം കഴിക്കുന്നവര്‍ എന്തായാലും മരിക്കുമെന്നും ഈ സംഭവം ഒരു ഉദാഹരണമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ എന്ന ചോദ്യത്തിന് മറുപടിയായി നിതീഷ് കുമാര്‍ പറഞ്ഞു. നഷ്ടപരിഹാരത്തിന് സാധ്യതയില്ലെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ഉള്ളത്.
‘മദ്യ നിരോധനത്തിന് മുമ്പും വിഷമദ്യം കുടിച്ച് ആളുകള്‍ മരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും നിരവധി പേര്‍ ഇങ്ങനെ മരിച്ചിട്ടുണ്ട്. കാലങ്ങളായി വിഷമദ്യം കുടിച്ച് ആളുകള്‍ മരിക്കുന്നുണ്ട്, രാജ്യം മൊത്തം ഇത് സംഭവിക്കുന്നുണ്ട്’. വിഷമദ്യ ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ ഇതൊരു പുതിയ സംഭവമല്ലെന്ന അര്‍ത്ഥത്തില്‍ നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബീഹാറിലെ ശരണ്‍ ജില്ലയിലെ ഛപ്ര നഗരത്തിലാണ് മുപ്പതോളം പേര്‍ വിഷമദ്യം കുടിച്ച് മരിച്ചത്.
സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 മുതല്‍ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കിയിട്ടുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും മദ്യ നിരോധനമുള്ള സ്ഥലത്ത് ലഭിക്കുന്ന മദ്യത്തില്‍ തീര്‍ച്ചയായും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ജനങ്ങളെ കൂടുതല്‍ ജാഗരൂകരാക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
30 പേരുടെ ജീവനെടുത്ത വിഷമദ്യ ദുരന്തത്തില്‍ കടുത്ത വിമര്‍ശനമാണ് ബീഹാറിലെ ജെഡിയു-ആര്‍ജെഡി സര്‍ക്കാര്‍ നേരിടുന്നത്. മദ്യനിരോധനം നടപ്പാക്കുന്നതിലെ സര്‍ക്കാരിന്റെ അശ്രദ്ധയാണ് വിഷമദ്യ ദുരന്തത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യവെ ബിജെപിയുടെ വിമര്‍ശനങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെട്ട നിതീഷ് കുമാര്‍ ‘നിങ്ങളാണ് കുടിച്ചതെന്ന’ വിവാദ പരാമര്‍വും സഭയിലെ ബിജെപി അംഗങ്ങള്‍ക്കെതിരെ നടത്തി.
Discussion about this post