ഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലേക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപ വായ്പാ വാഗ്ദാനവുമായി ജപ്പാന്. ഒരു ശതമാനത്തില്‍ താഴെ പലിശയ്ക്കാണ് ജപ്പാന് 1500 കോടി ഡോളര്‍ രാജ്യത്തിന്റെ സ്വപ്ന പദ്ധതിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
മുംബൈയെ അഹമ്മദാബാദുമായി ബന്ധിപ്പിച്ച് 505 കിലോമീറ്റര്‍ ദൂരത്തില്‍ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി. പദ്ധതിയുടെ 80 ശതമാനം തുക ഇപ്പോള്‍ ജപ്പാന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍ കോച്ചുകള്‍ ഉള്‍പ്പെടെ മൊത്തം പദ്ധതിയുടെ 30 ശതമാനം സാമഗ്രികള്‍ ജപ്പാനില്‍ നിന്ന് വാങ്ങണമെന്ന നിബന്ധനയും അവര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.
പണം വാഗ്ദാനം ചെയ്യുന്നതിനു മുന്നോടിയായി പദ്ധതിയെക്കുറിച്ച് ജപ്പാന് സംഘം പ്രാരംഭ പഠനം നടത്തിയിരുന്നു. പദ്ധതി യാഥാര്‍ഥ്യമായാല്‍ മുംബൈ-അഹമ്മദാബാദ് യാത്രാസമയം ഏഴു മണിക്കൂറെന്നത് രണ്ട് മണിക്കൂറായി കുറയും. ഇതിനായി സമുദ്രത്തിനടിയില്‍ ഒരു ടണല്‍ ഉള്‍പ്പെടെ 11 പുതിയ ടണലുകള്‍ പണിയേണ്ടി വരും.
അതേസമയം രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുന്ന 1200 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഡല്‍ഹി-മുംബൈ ഹൈസ്പീഡ് ട്രെയിന്‍ ചൈനയും നോട്ടമിട്ടിട്ടുണ്ട്. മണിക്കൂറില്‍ 300 കിലോമീറ്ററാണ് ബുള്ളറ്റ് ട്രെയിനിന്റെ വേഗത.
Discussion about this post