തിളച്ചുമറിയുന്ന ലാവയും നല്ല തിളങ്ങുന്ന ചുവപ്പ് നിറത്തില്‍ ലാവ തടാകങ്ങളും! സംഗതി കേള്‍ക്കാന്‍ നല്ല രസമുണ്ടെങ്കിലും അതിനടുത്തെങ്ങാനും ചെല്ലുന്ന അവസ്ഥ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. പക്ഷേ കാണാനോ അതി മനോഹരമായിരിക്കുമെന്ന് ഉറപ്പാണ്. അത്തരമൊരു സുന്ദരദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് നാസ. വ്യാഴത്തിന്റെ ചന്ദ്രനായ അയോയുടെ ഇന്‍ഫ്രാറെഡ് വെളിച്ചത്തിലുള്ള ഫോട്ടോ ആണത്. ഏതാണ്ട് 50,000 മൈല്‍ അകലത്തില്‍ നാസയുടെ ജൂണോ പേടകം എടുത്ത ആ ചിത്രത്തില്‍ കാണുന്നത് പുഴ പോലെ ഒഴുകുന്ന ലാവയും ചുവന്ന പൊട്ടുകള്‍ പോലെ ലാവ തടാകങ്ങളുമാണ്.
ജൂലൈ അഞ്ചിന് ജൂണോ എടുത്ത ഫോട്ടോ ആണ് നാസ ബുധനാഴ്ച പുറത്തുവിട്ടത്.
വ്യാഴത്തോട് ചേര്‍ന്നുള്ള ചന്ദ്രന്മാരെ കണ്ടെത്താനുള്ള നിരന്തര ശ്രമത്തിന്റെ ഭാഗമായി ഡിസംബര്‍ 15ന് ജൂണോ ദൗത്യം ആയോയുടെ ഫോട്ടോ എടുക്കുമെന്നും നാസ അറിയിച്ചിട്ടുണ്ട്. ജൂണോ ദൗത്യത്തില്‍ വ്യാഴത്തിന്റെ ചന്ദ്രന്മാരെയും ഉള്‍പ്പെടുത്തിയതിന്റെ ആവേശത്തിലാണ് തങ്ങളെന്നും ഓരോ തവണയും അവയ്ക്കരികിലൂടെ കടന്നുപോകുമ്പോള്‍ ജൂണോ വഴി ഒരുപാട് വിലയേറിയ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്നും ജൂണോയിലെ മുഖ്യ അന്വേഷകനായ സ്കോട്ട് ബോള്‍ട്ടണ്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വ്യാഴത്തൈ കുറിച്ച് കൂടുതലായി പഠിക്കുക എന്ന ഉദ്ദേശത്തിലാണ് ജൂണോയിലെ സെന്‍സറുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളതെങ്കിലും ചന്ദ്രന്മാരെയും കൂടി നിരീക്ഷിക്കുക എന്ന അധിക ചുമതല ജൂണോ എങ്ങനെയാണ് നിര്‍വ്വഹിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് തങ്ങളെന്നും ബോള്‍ട്ടണ്‍ പറഞ്ഞു.
Discussion about this post