ബ്യൂണസ് ഐറിസ്: ലോകകപ്പ് കിരീടം നേടി അര്‍ജന്റീനയില്‍ തിരികെ എത്തിയ മെസിക്കും സംഘത്തിനും വന്‍ വരവേല്‍പ്പ്. തുറന്ന ബസില്‍ കപ്പുമായി നഗരം ചുറ്റാനിറങ്ങിയ താരസംഘത്തിന്റെ വാഹനത്തിലേക്ക് ആരാധക കൂട്ടം ആവേശഭരിതരായി ചാടിക്കയറി. പാലത്തില്‍ നിന്നു പോലും ബസിലേക്ക് എടുത്തുചാടിയതോടെ മെസിയേയും സംഘത്തെയും ഹെലികോപ്റ്ററില്‍ രക്ഷപെടുത്തുകയായിരുന്നു അധികൃതര്‍.
36 വര്‍ഷത്തെ കാത്തിരിപ്പ് സഫലമായ ആവേശത്തിലാണ് അര്‍ജന്റീനയിലെ ജനത. ആ ആവേശം മെസിയേയും സംഘത്തെയും സ്വീകരിക്കാനെത്തിയപ്പോഴും തുടര്‍ന്നു. ആവേശം അതിരുവിട്ട് താരങ്ങളെ നേരിട്ട് അഭിനന്ദിക്കാനും സ്നേഹം പങ്കിടാനും ആളുകള്‍ മുതിര്‍ന്നതോടെ ഇവരെ ആരാധകര്‍ക്കിടയില്‍ നിന്നും ഹെലികോപ്റ്ററില്‍ രക്ഷപെടുത്തേണ്ടി വന്നു. ഇതോടെ തുറന്ന ബസിലെ നഗരം ചുറ്റല് പാതിവഴിയില്‍ മുടങ്ങി. വെളുപ്പിന് 3 മണി മുതല്‍ താരങ്ങളെ ഒരു നോക്കു കാണാനായി തടിച്ചു കൂടിയതാണ് ആരാധകര്‍. നാല് ദശലക്ഷത്തോളം ജനങ്ങള്‍ തെരുവുകളില്‍ കാത്തുനിന്നതായാണ് റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ ആരാധകര്‍ പാലത്തില്‍ നിന്നും ബസിലേക്ക് എടുത്തു ചാടുന്നതും ഒരാള്‍ ബസില്‍ വീഴാതെ ആള്‍ക്കൂട്ടത്തിലേക്ക് വീണു പോകുന്ന ദൃശ്യവും കാണാം. ആളുകള്‍ ബസിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചതോടെ യാത്ര ഇനി തുടരേണ്ടെന്ന് തീരുമാനിച്ചതായി ഫുട്ബോള്‍ അസോസിയേഷന് മേധാവി ചിക്വി ടാപിയ അറിയിച്ചു. കൂടാതെ ഈ തീരുമാനത്തില്‍ ആരാധകരുടെ പിന്തുണ തേടുകയും ചെയ്തിരുന്നു. പിന്നീട് ഹെലികോപ്റ്ററിലാണ് മെസിയും സംഘവും നഗരം ചുറ്റിയത്.
ലോകകപ്പ് നേടിയതിന്റെ ആഘോഷങ്ങള്‍ക്ക് രാജ്യത്തിന് അവധി കൂടി നല്‍കിയതോടെ മെസിപ്പടയെ കാണാന്‍ ജനങ്ങള്‍ തലങ്ങും വിലങ്ങും തടിച്ചുകൂടിയിരുന്നു. പ്രാദേശിക ചാനലുകളില്‍ മെസിക്കും സംഘത്തിനും നല്കിയ വരവേല്‍പ്പ് തല്‍സമയം സംപ്രേക്ഷണം ചെയ്തു. ആളുകള്‍ ഇലക്ട്രിക് പോസ്റ്റുകളിലും വാഹനങ്ങളുടെ മുകളിലും വലിഞ്ഞു കയറി തങ്ങളുടെ താരങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന കാഴ്ചയും കാണാനായി. പാട്ടും നൃത്തവുമായി ആവേശക്കടലായി മാറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 1600 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്.
Discussion about this post