ചിക്കാഗോ: തലമുറയില്‍ ഒരിക്കല്‍ മാത്രമെത്തുന്ന ശീതക്കാറ്റ് വീശിയടിച്ചതോടെ അമേരിക്കയില്‍ ക്രിസ്തുമസ് യാത്രകള്‍ ദുസ്സഹമായി. വ്യാഴാഴ്ച ശീതക്കാറ്റിനെ തുടര്‍ന്ന് താപനില മൈനസ് ഡിഗ്രി ഫാരന്‍ഹീറ്റില്‍ എത്തിയതോടെ ആയിരക്കണക്കിന് വിമാനങ്ങളും റദ്ദ് ചെയ്യുകയും പ്രധാനപ്പെട്ട ദേശീയപാതകള്‍ അടയ്ക്കുകയും ചെയ്തു. കനത്ത മഞ്ഞിലും അതികഠിനമായ ശീതക്കാറ്റിലും ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ മുങ്ങുന്ന സ്ഥിതിയിലാണ് മധ്യ അമേരിക്ക.
രാജ്യത്തിന്റെ പലയിടത്തും ശീതക്കാറ്റ് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെതുടര്‍ന്ന് ദശലക്ഷക്കണക്കിന് ആള്‍ക്കാരാണ് പുറത്തിറങ്ങാനാകാതെ വീടുകളില്‍ അടച്ചിരിക്കുന്നത്. മുന്നറിയിപ്പ് അവഗണിച്ച് പുറത്തിറങ്ങിയാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ അസഹിനീയമായ തണുപ്പ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്. നിങ്ങള്‍ കുട്ടി ആയിരുന്നപ്പോള്‍ ഉള്ളത് പോലെയുള്ള ശൈത്യദിനങ്ങള്‍ അല്ല ഇതെന്നും വളരെ ഗൗരവമുള്ള അവസ്ഥയാണെന്നും പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.
വടക്കന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയായ I-90 മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സൗത്ത് ഡകോട്ടയില്‍ അടച്ചിട്ടിരിക്കുകയാണ്. മഞ്ഞ് നീക്കം ചെയ്ത് യാത്ര പുനഃരാരംഭിക്കാന്‍ പരമാവധി ശ്രമം നടത്തുന്നതായി സൗത്ത് ഡകോട്ട ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.
‘ബോംബോജെനിസിസ്’ എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ നിലവിലെ ശീതക്കാറ്റ് ‘ബോംബ് ചക്രവാതം’ എന്നറിയപ്പെടുന്ന പ്രതിഭാസമായി ശക്തിപ്പെടുമെന്ന് അക്യൂവെതര്‍ കാലാവസ്ഥ പ്രവചനകേന്ദ്രം അറിയിച്ചു.
Discussion about this post