ന്യൂഡെല്‍ഹി:വടക്കേ ഇന്ത്യയില്‍ അടുത്ത രണ്ട് ദിവസവും അതികഠിനമായ തണുപ്പ് മൂടല്‍മഞ്ഞും തുടരാന്‍ സാധ്യത. ഡെല്‍ഹിയിലും വടക്കേ ഇന്ത്യയിലെ മറ്റ് ചില ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്. ഈ സ്ഥിതി തുടര്‍ന്നേക്കുമെന്ന സൂചനയാണ് കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍ നല്‍കുന്നത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡെല്‍ഹി എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഞ്ഞും തണുപ്പും അനുഭവപ്പെടുകയാണ്. ക്രിസ്തുമസ് ദിനമായ ഇന്നലെ ഡെല്‍ഹിയില്‍ താപനില 5.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു. സാധാരണഗതിയില്‍ അനുഭവപ്പെടുന്ന താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി താഴെയാണിത്. വര്‍ഷങ്ങള്‍ക്കിടെ ക്രിസ്തുമസ് ദിനത്തില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ തണുപ്പാണിത്.
ഹരിയാന, പഞ്ചാബ്, രാജസ്ഥാന്റെയും ഉത്തര്‍പ്രദേശിന്റെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും കഠിനമായ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില മൂന്ന് മുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെയായി താഴ്ന്നുവെന്നാണ് കാലാവസ്ഥ പ്രവചന കേന്ദ്ര ഉദ്യോഗസ്ഥര്‍ വ്യ്ക്തമാക്കുന്നത്. മൂടല്‍മഞ്ഞും മോശം കാലാവസ്ഥയും കാഴ്ചയെ മറയ്ക്കുന്നതിനാല്‍ ഇവിടങ്ങളില്‍ ഗതാഗതവും ദുസ്സഹമായിരിക്കുകയാണ്.
ഇന്ത്യന്‍ കാലാവസ്ഥ പ്രവചന കേന്ദ്രത്തില്‍ നിന്നുള്ള വിവരം അനുസരിച്ച് ഡിസംബര്‍ 27 വരെ ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എ്ന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് തുടരാനാണ് സാധ്യത. രാജസ്ഥാന്റെ ചില ഭാഗങ്ങളില്‍ റെക്കോഡ് തണുപ്പാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തുന്നത്. ഹില്‍സ്റ്റേഷനായ മൗണ്ട് അബു, താറിലേക്കുള്ള പ്രവേശനകവാടമായ ചുരു എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലും ഒഡിഷയിലും ചില സ്ഥലങ്ങളില്‍ കാഴ്ചാപരിധി 50 മീറ്റര്‍ വരെയായി കുറഞ്ഞു.
കശ്മീരും അതിശൈത്യത്തിന്റെ പിടിയിലാണ്. ഇവിടെ ഏറ്റവും കുറഞ്ഞ താപനില ഫ്രീസിംഗ് പോയിന്റിനേക്കാള്‍ നിരവധി ഡിഗ്രി താഴെയാണ്. 40 ദിവസം അതികഠിനമായ തണുപ്പ് അനുഭവപ്പെടുന്ന ചില്ലാ- ഇ -കലാന്‍ എന്ന അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കശ്മീര്‍ കടന്നുപോകുന്നത്. ജലാശയങ്ങളും ജല വിതരണ പെപ്പുകളിലൂടെ ഒഴുകുന്ന വെള്ളവും അടക്കം ഐസായി മാറുന്ന അവസ്ഥയാണിത്.
Discussion about this post