പത്തനംതിട്ട: എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ പി ജയരാജന് എതിരായ സാമ്പത്തിക ആരോപണം ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഎം നേതാക്കള്‍ സ്വന്തം പേരിലും ബിനാമി പേരിലും സ്വത്ത് വാരിക്കൂട്ടുകയാണ്. ഇത് ഏറെ നാളുകളായി നടന്നു വരുന്നുണ്ട്, പുറത്തു വരുന്നത് മഞ്ഞു മലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി, സിപിഎം സംസ്ഥാന കമ്മറ്റിയില്‍ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. ഈ ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി അന്വേഷിക്കേണ്ടതല്ലെന്നും ജനങ്ങളെ കബളിപ്പിക്കാതെ സത്യം അവരെ അറിയിക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. റിസോര്‍ട്ടില്‍ പങ്കാളികളാണെന്ന് പറയപ്പെടുന്ന ഇ പി ജയരാജന്റെ ഭാര്യയും മകനും അടക്കമുള്ളവരുടെ വരുമാന ഉറവിടം അറിയേണ്ടതുണ്ടെന്നും, ഭരണത്തിന്റെ തണലില്‍ സമ്പാദിക്കുന്ന പണം കുടുംബക്കാരുടേയും ഇഷ്ടക്കാരുടേയും പേരില്‍ വിവിധയിടങ്ങളില്‍ നിക്ഷേപിക്കുന്നതിന്റെ സൂചനയാണിതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post