ടി20 ലോകകപ്പിൽ നമീബിയക്കെതിരായ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ നായകൻ സൂര്യകുമാർ യാദവിന്റെ ചില തന്ത്രപരമായ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കെ. ശ്രീകാന്ത്. വരുൺ ചക്രവർത്തിയെ രണ്ട് ഓവറിൽ മാത്രം ഒതുക്കിയതും ജസ്പ്രീത് ബുംറയെ പവർപ്ലേയിൽ പന്തേൽപ്പിക്കാത്തതുമാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്.
നമീബിയക്കെതിരെ ഇന്ത്യ 93 റൺസിന്റെ ആധികാരിക വിജയം നേടിയെങ്കിലും ചില ബൗളിംഗ് മാറ്റങ്ങൾ യുക്തിക്ക് നിരക്കാത്തതാണെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. രണ്ട് ഓവറിൽ വെറും 7 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി നമീബിയയുടെ നടുവൊടിച്ച വരുൺ ചക്രവർത്തിയെ പിന്നീട് പന്തേൽപ്പിക്കാത്തതിനെ ശ്രീകാന്ത് പരിഹസിച്ചു. “ബൗളറെ എക്സ്പോസ് ചെയ്യാതിരിക്കാൻ സംരക്ഷിക്കുക എന്നതൊക്കെ വെറും അസംബന്ധമാണ്. എങ്കിൽ പിന്നെ അയാളെ ഒരു മുറിക്കുള്ളിലിട്ട് പൂട്ടിക്കൂടേ? ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേടാനുള്ള സുവർണ്ണാവസരമാണ് വരുണിന് നഷ്ടമായത്. വരുണിന് ഇതിൽ വിഷമമുണ്ടാകുമെന്ന് ഉറപ്പാണ്,” ശ്രീകാന്ത് പറഞ്ഞു.
വരുൺ തുടർന്ന് പന്തെറിഞ്ഞിരുന്നെങ്കിൽ കളി നേരത്തെ തീർന്നേനെ എന്നും ഇന്ത്യ അനാവശ്യമായി മത്സരം അവസാന ഓവർ വരെ നീട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകോത്തര ബൗളറായ ജസ്പ്രീത് ബുംറയെ ഏഴാം ഓവറിൽ മാത്രം പന്തേൽപ്പിച്ച തീരുമാനത്തെയും ശ്രീകാന്ത് ചോദ്യം ചെയ്തു. “എങ്ങനെയാണ് ബുംറയെ പവർപ്ലേയിൽ ബൗൾ ചെയ്യിക്കാതിരിക്കുന്നത്? പവർപ്ലേ കഴിഞ്ഞാണോ ബുംറ വരുന്നത്? ബുംറയെയും ഇപ്പോൾ സംരക്ഷിക്കുകയാണോ? അദ്ദേഹം ആദ്യം തന്നെ പന്തെറിഞ്ഞാൽ കളി പെട്ടെന്ന് തീർക്കാമായിരുന്നു,” ശ്രീകാന്ത് പറഞ്ഞു.
നമീബിയ ഒരു ഘട്ടത്തിൽ 7 ഓവറിൽ 67/1 എന്ന നിലയിൽ മികച്ച രീതിയിൽ കുതിക്കുമ്പോഴാണ് വരുൺ കളി മാറ്റിയത്. ബുംറ 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ഇരുവരുടെയും പ്രകടനമാണ് ഇന്ത്യയ്ക്ക് രണ്ടാം വിജയം ഉറപ്പിച്ചത്.












