മുംബൈ: മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് വ്യക്തമാക്കി കര്‍ണ്ണാടക നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി ദിവസങ്ങള്‍ക്കുള്ളില്‍ മഹാരാഷ്ട്രയും ഇതേ വിഷയത്തില്‍ പ്രമേയം പാസാക്കി. കര്‍ണ്ണാടകയുടെ മറാത്തി-വിരുദ്ധ നിലപാടില്‍ ഖേദം പ്രകടിപ്പിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ മറാത്തി ഗ്രാമത്തിന്റെ ഒരോ ഇഞ്ച് ഭൂമിയും മഹാരാഷ്ട്രയുടേതായിരിക്കുമെന്നും ഇതിന് വേണ്ടി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും വ്യക്തമാക്കി.
കര്‍ണ്ണാടകയിലെ പോലെ മഹാരാഷട്രയുടെ പ്രമേയവും നിയമസഭ ഐക്യകണ്ഠേന പാസാക്കി. ഇതോടെ ബിജെപി ഭരിക്കുന്ന ഇരുസംസ്ഥാനങ്ങള്‍ക്കുമിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം മൂര്‍ച്ഛിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ കാര്യമായ ഫലം കണ്ടിട്ടില്ല. കര്‍ണ്ണാടക അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന വേളയില്‍ എത്രയും പെട്ടന്ന് പ്രശ്നങ്ങള്‍ രമ്യതയില്‍ പറഞ്ഞവസാനിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
865 മറാത്തി ഭാഷ സംസാരിക്കുന്ന ഗ്രാമങ്ങള്‍ ഉണ്ടെന്നും ഇവിടുത്തെ ഓരോ ഇഞ്ച് ഭൂമിയും മഹാരാഷ്ട്രയിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്നും മഹാരാഷ്ട്രയുടെ പ്രമേയത്തില്‍ പറയുന്നു. അതിനായി സുപ്രീംകോടതിയില്‍ ആവശ്യമുള്ളതെല്ലാം മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്യുമെന്നും പ്രമേയം വ്യക്തമാക്കി. തര്‍ക്ക മേഖലയായ ബെല്ഗൗം, കാര്‍വാര്‍, ബിദാര്‍, നിപാനി, ബല്‍ക്കി എന്നിവയുള്‍പ്പെടെ 865 ഗ്രാമങ്ങള്‍ മഹാരാഷ്ട്രയുടെ ഭാഗമാണെന്നാണ് പ്രമേയം അവകാശപ്പെടുന്നത്.
അതേസമയം മഹാരാഷ്ട്രയുടെ പ്രമേയത്തില്‍ കാര്യമായൊന്നും ഇല്ലെന്നും വെറുമൊരു പ്രകോപനമാണെന്നും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യ പറഞ്ഞു.
Discussion about this post