കൊച്ചി; ചന്ദനക്കുറി തൊടുന്നവർ വിശ്വാസികളാണെന്നും അവരോട് സിപിഎമ്മിന് നല്ല നിലപാടാണെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നരേന്ദ്രമോദിക്കെതിരായ പോരാട്ടത്തിൽ ന്യൂനപക്ഷങ്ങൾ മാത്രം പോര ഭൂരിപക്ഷ സമൂഹത്തെയും ഒപ്പം ചേർക്കണമെന്ന കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.
ഹിന്ദു വിഭാഗത്തിൽ പെടുന്നവർ അമ്പലത്തിൽ പോയാലോ ചന്ദനക്കുറി അണിഞ്ഞാലോ മൃദുഹിന്ദുത്വവാദിയായി ചിത്രീകരിക്കുന്ന നിലപാട് ശരിയല്ലെന്നും ആന്റണി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ബിജെപിയെ തോൽപിക്കാൻ മൃദുഹിന്ദുത്വ നിലപാട് കൊണ്ട് സാധിക്കില്ലെന്നും അത് ബിജെപിയിലേക്കുളള പാലമായിട്ടേ കാണാൻ കഴിയൂവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചന്ദനക്കുറി തൊടുന്നവര
ല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകൾ. അവർ വിശ്വാസികളാണ്. വിശ്വാസികൾ യഥാർത്ഥത്തിൽ വർഗീയവാദികളല്ല വർഗീയവാദികൾക്ക് വിശ്വാസമില്ല അവർ വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ചന്ദനക്കുറി തൊടുന്നവർ വർഗീയ വാദികൾ ആണെന്ന അഭിപ്രായം സിപിഎമ്മിനില്ല. ചന്ദനക്കുറി തൊടുന്നവർ മൃദുഹിന്ദുക്കളാണെന്ന് പറയാനാകില്ല. അവർ വിശ്വാസികളാണ് അവരോട് നല്ല നിലപാടാണ് സിപിഎമ്മിനുളളതെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.
എ.കെ ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യമാണെന്ന് ആയിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ വിമർശനം. ഭരിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ ഭൂരിപക്ഷ സമുദായത്തിനും ഹിന്ദുക്കൾക്കും ദോഷമുണ്ടാക്കുന്ന നിലപാടാണ് ആന്റണി സ്വീകരിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കോൺഗ്രസിനെപ്പോലെ ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ച വേറൊരു പാർട്ടിയില്ലെന്നും സുരേന്ദ്രൻ തുറന്നടിച്ചു.












