തിരുവനന്തപുരം: വിവാദ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന് എംഎല്‍എ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭ സമ്മേളനത്തിന് മുമ്പായി സത്യപ്രതിജ്ഞ നടത്താനാണ് നീക്കം. ഇതിനായി ഗവര്‍ണറുടെ സൗകര്യം നോക്കി തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കെ മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രി പദവി നഷ്ടമായത്. ‘തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു, തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല. ആര്‍ക്കും ചൂഷണം ചെയ്യാന്‍ സാധിക്കാത്ത തരത്തിലാണ് ഇന്ത്യന്‍ ഭരണഘടന’ തുടങ്ങി ഭരണഘടനയ്ക്കെതിരെ അദ്ദേഹം നടത്തിയ നിരവധി മോശം പരാമര്‍ശങ്ങളാണ് രാജിയിലേക്ക് നയിച്ചത്. സജി ചെറിയാന് കൈകാര്യം ചെയ്തിരുന്ന മറ്റ് വകുപ്പുകള്‍ മറ്റ് മൂന്ന് മന്ത്രിമാര്‍ക്കായി വീതം വെച്ച് നല്‍കിയിരുന്നു. അഞ്ച് മാസത്തിനുള്ളില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്കി പോലീസ് റിപ്പോര്‍ട്ടും വന്നു. വിമര്‍ശനാത്മകമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Discussion about this post