തിരുവനന്തപുരം: മാളികപ്പുറം സിനിമ കണ്ട് അനുഭവം പങ്കുവെച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. റിലീസ് ദിവസം തന്നെയാണ് കെ സുരേന്ദ്രൻ സിനിമ കാണാൻ എത്തിയത്. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ സിനിമയെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച ആസ്വാദന കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
ശബരിമലയ്ക്ക് പോയവർക്കെല്ലാം തങ്ങളുടെ യാത്രയിൽ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാന്നിധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. രണ്ടാം പകുതിയിൽ ഉണ്ണി മുകുന്ദൻ ആറാടുകയാണ്. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്‌സ് രംഗം പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളുമെന്ന് കെ സുരേന്ദ്രൻ കുറിച്ചു.
ശബരിമലയിൽ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീൽ. ‘ഭക്തന്റെ കൂടെ ഈശ്വരൻ മനുഷ്യ രൂപത്തിലെത്തും’ എന്ന സിനിമയിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മുത്തശ്ശിയിലൂടെ എട്ട് വയസുകാരിയായ ഒരു പെൺകുട്ടിക്ക് പകർന്നുകിട്ടിയ അയ്യപ്പഭക്തിയും തന്റെ സ്വാമിയെ കാണാനുള്ള ആ പെൺകുട്ടിയുടെ അതിയായ ആഗ്രഹവും അതിന് വേണ്ടി അവൾ എടുക്കുന്ന റിസ്‌ക്കും സൂക്ഷ്മമായി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചുവെന്നും കെ സുരേന്ദ്രൻ വിലയിരുത്തി.
സിനിമയിലൂടെ ഇതിനോടകം ശ്രദ്ധേയമായ കുട്ടികളെയും അദ്ദേഹം അഭിനന്ദിച്ചു.
കുട്ടികളുടെ അഭിനയമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കല്ലു മാളികപ്പുറവും ഉണ്ണി സ്വാമിയും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് നടത്തിയത്. സൈജു കുറുപ്പം രമേഷ് പിഷാരടിയുമെല്ലാം തങ്ങളുടെ റോൾ ഭംഗിയാക്കി. ലോകമെമ്പാടുമുള്ള മലയാളികൾ ഈ ചിത്രം നെഞ്ചോടു ചേർത്തുവെക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് പറഞ്ഞാണ് ആസ്വാദനകുറിപ്പ് അവസാനിപ്പിക്കുന്നത്.












