മുംബൈ: ‘മോദി ഓക്‌സിജന്‍’ ആണ് ബിജെപിയെ ഇപ്പോള്‍ നിലനിര്‍ത്തുന്നതെന്ന് ശിവസേന മുഖപത്രം.തങ്ങളുടെ നിലപാടുകളില്‍ നിന്നുംവ്യതിചലിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടു പോകുമെന്നും സാമ്‌നയിലെ മുഖപ്രസംഗത്തില്‍ ശിവസേന വ്യക്തമാക്കി.
ശിവസേനയുടെ രാജ്യസ്‌നേഹത്തിലും പോരാട്ടങ്ങളിലും ഹിന്ദുത്വ പ്രശ്‌നങ്ങളിലും യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ വിശ്വാസങ്ങള്‍ മാറ്റില്ല. രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ ശിവസേന യുദ്ധം തുടരുമെന്നും സേന വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ ഇനിയും ഇടപെടും. പാര്‍ട്ടി ആരില്‍ നിന്നും ഒരു തരത്തിലുള്ള വെല്ലുവിളിയും നേരിടുന്നില്ല. ഭാവിയില്‍ മഹാരാഷ്ട്രയില്‍ കൂടുതല്‍ ആളുകള്‍ ശിവസേനയുടെ കൊടിക്കീഴില്‍ വരുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഭാവി ശിവസേനയ്‌ക്കൊപ്പമാണ്. ദസറ ആഘോഷവുമായി ബന്ധപ്പെട്ട് സേന നടത്തിയ റാലി എല്ലാവര്‍ക്കുമുള്ള സന്ദേശമാണ്. ഞങ്ങള്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവരെ കൂടെ കൂട്ടും ഒറ്റയ്ക്കാണ് പൊരുതുന്നതെങ്കില്‍ അങ്ങിനെ ചെയ്യുമെന്നും സേന പറഞ്ഞു.
ബിജെപിയുമായുള്ള ശിവസേനയുടെ ബന്ധം മോശമാകുന്നതിന്റെ പുതിയ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രാദേശിക തിരഞ്ഞെടുപ്പില്‍ വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തയാറാണ് എന്ന സേനയുടെ തുറന്നുപറച്ചിലാണ് ഇതെന്നും നിഗമനങ്ങളുണ്ട്.
Discussion about this post