ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വീടിന് സമീപം നിന്ന് ബോംബ് കണ്ടെടുത്തു. ചണ്ഡിഗഢിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് കേവലം രണ്ട് കിലോമീറ്റർ മാത്രം അകലെ നിന്നാണ് ബോംബ് കണ്ടെടുത്തത്. വൈകുന്നേരമായിരുന്നു സംഭവം.
പോലീസ് കൺട്രോൾ റൂമിൽ നിന്ന് അറിയിച്ചതനുസരിച്ച് ബോംബ് സ്‌ക്വാഡും ദുരന്ത നിവാരണ സേനാംഗങ്ങളും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി. സജീവമായ ബോംബാണ് കണ്ടെടുത്തതെന്നും സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ടാണ് ബോംബ് വെച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രിക്കായുളള ഹെലിപാഡിൽ നിന്ന് 1.2 കിലോമീറ്റർ മാത്രമാണ് ബോംബ് വെച്ച സ്ഥലത്തേക്കുളള ദൂരം.
പ്രദേശം വളഞ്ഞ് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സൈന്യത്തിന്റെ സേവനവും തേടിയെന്നും പഞ്ചാബ് സെൻട്രൽ ഡിഎസ്പി ഗുർമുഖ് സിംഗ് പറഞ്ഞു.
പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരമേറ്റത് മുതൽ വിധ്വംസക ശക്തികളുടെ താവളമായി മാറുകയാണ്. ഖാലിസ്ഥാൻ അനുകൂല സംഘടനകൾ ഉൾപ്പെടെ സംസ്ഥാനത്ത് വീണ്ടും സജീവമാകുന്ന കാഴ്ചയാണ്. ഗായകൻ സിദ്ധു മൂസാവാലെയുടെയും ഹിന്ദു സംഘടനാ നേതാക്കളുടെയും കൊലപാതകങ്ങൾ നേരത്തെ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
Discussion about this post